പെരുമ്പാവൂർ : രാസലഹരി വിൽപ്പന നടത്തിയ സംഭവത്തിൽ പെരുമ്പാവൂർ കണ്ടന്തറ കാരോത്തുകുടി സിയാദ് (30), സൗത്ത് വാഴക്കുളം ചെമ്പറക്കി പാരിപ്പറമ്പത്ത് മുഹമ്മദ് കോയ (29) എന്നിവരെ പെരുമ്പാവൂർ എ എസ് പിയുടെ പ്രത്യേക അന്വേഷണ സംഘവും തടിയിട്ടപറമ്പ് പോലീസും ചേർന്ന് പിടികൂടി.
ചെമ്പറക്കി ബി എച്ച് നഗറിൽ മുഹമ്മദ് കോയ താമസിക്കുന്ന വാടകവീട്ടിൽ നിന്നാണ് പിടികൂടിയത്. ഈ വീട്ടിൽ മയക്കുമരുന്ന് സൂക്ഷിച്ചു വില്പന നടത്തിവരികയായിരുന്നു. ജില്ലാ പോലീസ് മേധാവി എം.ഹേമലതയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. ചെറിയ സിപ് ലോക് കവറുകളിൽ ആക്കിയായിരുന്നു വിൽപ്പന.
മയക്കുമരുന്ന് തൂക്കാൻ ഉപയോഗിച്ച ത്രാസും ഇവിടെ നിന്ന് കണ്ടെടുത്തു. കഴിഞ്ഞ ദിവസം പെരുമ്പാവൂർ കാഞ്ഞിരക്കാട് നിന്ന് കണ്ടന്തറ സ്വദേശി മൻസൂറിനെ മൂന്നര ഗ്രാം എം.ഡി.എം.എയുമായി പിടികൂടിയിരുന്നു.
പെരുമ്പാവൂർ എ എസ് പി ശക്തി സിംഗ് ആര്യ, ഇൻസ്പെക്ടർ പി.ജെ കുര്യാക്കോസ്, എസ്.ഐ ഉണ്ണി കൃഷ്ണൻ, എ.എസ്.ഐമാരായ കെ.എ നൗഷാദ് , പി.എ അബ്ദുൽ മനാഫ് , സീനിയർ സിപി ഒ മാരായ വർഗീസ് വേണാട്ട് . ടി.എ അഫ്സൽ , ബെന്നി ഐസക്, അൻസാർ, സുസുമി എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.

