ആലപ്പുഴ: കരുവാറ്റയിൽ യുവാവും പ്ലസ് വൺ വിദ്യാര്‍ഥിനിയും ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി. ചെറുതന കന്നോലിൽ കോളനിയിലെ ശ്രീജിത്ത് (38), പള്ളിപ്പാട് സ്വദേശിനിയായ 17 വയസ്സുകാരിയായ വിദ്യാര്‍ഥിനി എന്നിവരാണ് മരിച്ചത്.
കരുവാറ്റയില്‍ ബുധനാഴ്ച ഉച്ചക്ക് 12ഓടെയാണ് സംഭവം. കൊച്ചുവേളി-അമൃത്സര്‍ എക്സ്പ്രസിന് മുന്നിലേക്കാണ് ഇരുവരും ചാടിയത്. മൃതദേഹങ്ങള്‍ ചിന്നിച്ചിതറിയ നിലയിലായിരുന്നു. സംഭവത്തെ തുടര്‍ന്ന് കൊച്ചുവേളി-അമൃത്സര്‍ എക്സ്പ്രസിന് പിന്നാലെ എത്തിയ തിരുവനന്തപുരം-മുംബൈ എല്‍ടിടി നേത്രാവതി എക്‌സ്പ്രസ് അരമണിക്കൂറോളം കരുവാറ്റയിൽ പിടിച്ചിട്ടു.
ബൈക്ക് റോഡില്‍ നിര്‍ത്തിയിട്ടശേഷം നടന്നാണ് ഇരുവരും കരുവാറ്റ ഹാള്‍ട്ട് സ്‌റ്റേഷനിലെത്തിയത്. തുടര്‍ന്ന് റെയില്‍വേ ട്രാക്കിന് സമീപമെത്തി ട്രെയിനിന് മുന്നിലേക്ക് ചാടുകയായിരുന്നു. സംഭവത്തില്‍ ഹരിപ്പാട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
വിവാഹിതനായ ശ്രീജിത്ത്, രണ്ടു മക്കളുടെ പിതാവാണ്. വിദ്യാർഥിനിയുമായി സ്റ്റേഷനിലേക്ക് എത്താൻ ഉപയോഗിച്ച ബൈക്ക് ശ്രീജിത്തിന്റെ അടുത്ത ബന്ധുവിന്റെതാണെന്നാണ് നിഗമനം.

