കനത്ത മഴ : അരുണാചലില്‍ മണ്ണിടിച്ചിലില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേര്‍ മരിച്ചു 

ഇറ്റാനഗർ : അരുണാചല്‍ പ്രദേശില്‍ കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിച്ചിലില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് പേര്‍ മരിച്ചു. വെള്ളിയാഴ്ച രാത്രി ബാന-സെപ്പ റോഡിലായിരുന്നു അപകടം. കാറില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തില്‍പ്പെട്ടത്.

വാഹനത്തിലുണ്ടായിരുന്ന എല്ലാവരും മരണപ്പെട്ടു. അഞ്ചും രണ്ടും വയസുള്ള കുട്ടികളും ഒരു ഗര്‍ഭിണിയും ഉള്‍പ്പെടെയുള്ളവര്‍ ഈ വാഹനത്തിലുണ്ടായിരുന്നു. മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് ഇവരുടെ വാഹനം കുടുങ്ങിപ്പോവുകയായിരുന്നു. തുടര്‍ന്ന് മണ്ണിനും മരങ്ങള്‍ക്കും ഒപ്പം കാറും താഴെയുള്ള കൊക്കയിലേക്ക് പതിച്ചു.

അപകടത്തില്‍പ്പെട്ട കാറിന് തൊട്ടുപിന്നാലെ നിരവധി യാത്രക്കാരുള്ള ഒരു ടാറ്റാ സുമോയും എത്തിയിരുന്നു. മണ്ണിടിഞ്ഞ സ്ഥലത്തിന് തൊട്ടുമുമ്പ് ഈ വാഹനം നിര്‍ത്തിയതിനാല്‍ അതിലുണ്ടായിരുന്നവര്‍ അപകടത്തില്‍പ്പെട്ടില്ല.

പ്രദേശത്ത് കനത്ത മഴ ഇപ്പോഴും തുടരുകയുമാണ്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തകരെത്തി മണ്ണും ചെളിയും നീക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. മോശം കാലാവസ്ഥ തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയാകുന്നുണ്ട്.

കനത്ത മഴയെ തുടര്‍ന്ന് സ്ഥിരമായി മണ്ണിടിച്ചിലുണ്ടാവുന്ന പ്രദേശമാണിത്. ഇവിടുത്തെ റോഡുകളുടെ മോശം സാഹചര്യത്തെക്കുറിച്ചും മുന്നറിയിപ്പ് ബോര്‍ഡുകളുടെ അഭാവവും നാട്ടുകാര്‍ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *