ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രത്തിന് പകരം ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അടക്കമുള്ള 17 പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുന്നു. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്നാണ് ഇവരുടെ ആവശ്യം.

പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജിയാണ് നീക്കത്തിന് ചുക്കാന്‍ പിടിക്കുന്നത്. എസ്.പി, ബി.എസ്.പി, ഇടതു പാര്‍ട്ടികള്‍, ആര്‍.ജെ.ഡി, എന്‍.സി.പി, എ.എ.പി, ഡി.എം.കെ, ടി.ഡി.പി, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് തുടങ്ങിയ കക്ഷികള്‍ ബാലറ്റ് പേപ്പര്‍ ആവശ്യത്തെ പിന്തുണയ്ക്കുന്നുവെന്നാണ് വിവരം. ബി.ജെ.പിയുമായി ഇടഞ്ഞു നില്‍ക്കുന്ന ശിവസേനയും നീക്കത്തിനൊപ്പമുണ്ട്.

നിയമസഭകളിലെ തിരഞ്ഞെടുപ്പ് തോല്‍വികള്‍ക്ക് പിന്നില്‍ വോട്ടിങ് യന്ത്രത്തിന്റെ ക്രമക്കേട് ആണെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ബാലറ്റ് പേപ്പര്‍ എന്ന ആവശ്യം ഉയര്‍ന്നു വന്നിരിക്കുന്നത്.

സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയുമായും കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയിലാണ് ബാലറ്റ് പേപ്പറിനായി ഒറ്റക്കെട്ടായി നീങ്ങണമെന്ന നിര്‍ദേശം മമത ബാനര്‍ജി മുന്നോട്ട് വച്ചത്. നിര്‍ദേശം ശനിയാഴ്ച ചേരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ചര്‍ച്ച ചെയ്യും. തിങ്കളാഴ്ച ഗുലാം നബി ആസാദിന്റെ വസതിയില്‍ കക്ഷി നേതാക്കളുടെ യോഗം ചേരാനാണ് ധാരണ.

Leave a Reply

Your email address will not be published. Required fields are marked *