7 വർഷം നിശബ്ദമാക്കിയ ശബ്ദം നെഞ്ചിലേറ്റി ആരാധകർ വിലക്കിനെതിരെ ചോദ്യങ്ങൾ മുറുകുന്നു

തനിക്കെതിരെ ഉണ്ടായ ലൈംഗികാതിക്രമം തുറന്ന് പറഞ്ഞതിന്റെ പേരിൽ 7 വർഷമായി തമിഴ് സിനിമാ ലോകം വിലക്കിയ ഗായിക ചിന്മയി ശ്രീപദയ്ക്ക് chinmayi സോഷ്യൽ മീഡിയക്ക് അകത്തും പുറത്തും പിന്തുണ ശക്തമാകുന്നു.മീറ്റൂ മൂവ്മെൻ്റിൻ്റെ ഭാഗമായി തമിഴ് ഗാനരചയിതാവ് വൈരമുത്തുവിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചതിന് ചിന്മയി ശ്രീപദയെന്ന ഗായികയെ തമിഴ് സിനിമ വിലക്കിയിട്ട് ഏഴു വർഷം പിന്നിട്ടു. എന്നാൽ മണിരത്നം ചിത്രം തഗ് ലൈഫിന്റെ ഓഡിയോ ലൗഞ്ചിൽ മുഴങ്ങിയ ചിന്മയിയുടെ ശബ്ദം തമിഴകത്ത് വീണ്ടും ഉയർന്നുകേൾക്കുകയാണ്. അവർക്കെതിരെ കല്പിച്ചിരിക്കുന്ന വിലക്കുകൾ ചോദ്യം ചെയ്യപ്പെടുകയാണ്. 7 വർഷമാണ് അതിക്രമം തുറന്ന് പറഞ്ഞതിന്റെ പേരിൽ അവരുടെ ശബ്ദത്തെ തമിഴ് സിനിമാ ലോകം നിശബ്ദമാക്കിയത്.

മണിരത്നം ചിത്രം ത‌ഗ് ലൈഫിന്റെ ഓഡിയോ ലോഞ്ചിൽ ചിന്മയി ആലപിച്ച ചിത്രത്തിലെ ‘മുത്ത മഴൈ’ എന്ന ഗാനത്തിന്റെ തമിഴ് വേഴ്‌ഷൻ സോഷ്യൽ മീഡിയയിൽ വയറാലാകുകയാണ്. തമിഴ് പതിപ്പിൽ ധീ പാടിയ ഗാനം ധീയുടെ അഭാവത്തിലാണ് ചിന്മയി പാടിയത്. ചിത്രത്തിന്റെ തെലുഗു ഹിന്ദി പതിപ്പുകളിൽ ഇതേ ഗാനം ചിന്മയിയാണ് പാടിയത്. ഓഡിയോ ലോഞ്ചിലെ മുത്തമഴയുടെ ചിന്മയി വേർഷൻ ഒറിജിനലിനേക്കാൾ സോഷ്യൽ മീഡിയയിൽ തരംഗമാക്കുകയാണ്. ഇതോടെ ബ്രിങ് ബാക്ക് ചിന്മയി മൂവ്മെന്റ് ട്രെൻഡിങ്ങായി.

2018ലാണ് ഗാനരചയിതാവ് വൈരമുത്തുവിനെതിരെ ട്വിറ്ററിലൂടെ ചിന്മയി മീ ടൂ ആരോപണം ഉന്നയിച്ചത്. 2005-ൽ വീഴമറ്റം എന്ന സംഗീതപരിപാടിക്കായി സ്വിറ്റ്സർലൻഡിലെത്തിയപ്പോൾ വൈരമുത്തു തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് ചിന്മയി വെളിപ്പെടുത്തിയത്. ഇത് തമിഴ് സംഗീതമേഖലയെത്തന്നെ പിടിച്ചുലച്ചിരുന്നു. അതേസമയം ഈ ആരോപണങ്ങളെല്ലാം വൈരമുത്തു നിഷേധിച്ചുവെങ്കിലും അദ്ദേഹം കള്ളംപറയുകയാണെന്ന് ചിന്മയി മറുപടിയായി പറഞ്ഞിരുന്നു. സിനിമാ ലോകത്ത് മീ ടൂ ആരോപണങ്ങളുന്നയിച്ച് രംഗത്തുവന്ന തുടക്കാല വ്യക്തികളിലൊരാളാണ് ചിന്മയി.

വൈരമുത്തുവിനെതിരെയുള്ള ആരോപണത്തേത്തുടർന്നാണ് സൗത്ത് ഇന്ത്യൻ സിനി ടെലിവിഷൻ ആർട്ടിസ്റ്റ്സ് ആൻഡ് ഡബ്ബിങ് ആർട്ടിസ്റ്റ്സ് യൂണിയൻ ചിന്മയിയെ സിനിമയിൽ നിന്ന് വിലക്കുന്നത്. 96-ആണ് ചിന്മയി അവസാനമായി പാടിയ തമിഴ് ചിത്രം. ഇക്കഴിഞ്ഞ 7 വർഷവും അവർ ഇവിടെ തന്നെയുണ്ടായിരുന്നെങ്കിലും ഇപ്പോൾ തഗ് ലൈഫിന്റെ ഓഡിയോ ലോഞ്ചിലെ ഒറ്റ ഗാനം കൊണ്ട് ചിന്മയിക്കായുള്ള പിന്തുണ സർവ്വ നിശ്ശബ്ദതകളെയും ഭേദിച്ച് ഉയർന്നു കേൾക്കുകയാണ്. പരാതിക്കാരിയെ തന്നെ മാറ്റി നിർത്തിക്കൊണ്ട് തെറ്റുചെയ്തവരെ സംരക്ഷിക്കുന്ന ഹീനമായ നിലപാടാണ് തമിഴ് സിനിമ യൂണിയൻ സ്വീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *