Bengaluru Chinnaswamy Stadium Stampede:ബെംഗളൂരു: റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ (ആർസിബി) ഐപിഎൽ കിരീട നേട്ട ആഘോഷത്തിനിടെ ഉണ്ടായ അപകടത്തിനുപിന്നാലെ ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷ്ണറെ സസ്പെൻഡ് ചെയ്ത് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഐപിഎസ് ഓഫീസർ സീമന്ത് കുമാർ സിങ്ങിനെ ബെംഗളൂരുവിന്റെ പുതിയ സിറ്റി പൊലീസ് കമ്മീഷണറായി നിയമിച്ചു.
വെസ്റ്റ് അഡീഷണൽ പൊലീസ് കമ്മീഷണർ വികാസ് കുമാർ വികാസ്, സെൻട്രൽ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ശേഖർ എച്ച്.ടെക്കണ്ണവർ, കബ്ബൺ പാർക്ക് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ സി.ബാലകൃഷ്ണ, കബ്ബൺ പാർക്ക് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ.കെ.ഗിരീഷ് എന്നിവരെയും സസ്പെൻഡ് ചെയ്തു.
ആർസിബി, പരിപാടിയുടെ നടത്തിപ്പുകാരായ ഇവന്റ് മാനേജ്മെന്റ് കമ്പനി ഡിഎൻഎ, കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ (കെഎസ്‌സിഎ) എന്നിവർക്കെതിരെയും പൊലീസ് കേസെടുത്തു. ആർസിബി, ഡിഎൻഎ, കെഎസ്‌സിഎ എന്നിവയുടെ പ്രതിനിധികളെ അറസ്റ്റ് ചെയ്യാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ പൊലീസിനോട് ആവശ്യപ്പട്ടിട്ടുണ്ട്. മജിസ്ട്രേറ്റ് തല അന്വേഷണത്തിനും സർക്കാർ ഉത്തരവിട്ടു.
വിരമിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മൈക്കൽ കുൻഹ സംഭവം അന്വേഷിക്കുമെന്ന് സിദ്ധരാമയ്യ പറഞ്ഞു. പരിപാടിയുടെ ആസൂത്രണം, ഏകോപനം, ആൾക്കൂട്ട നിയന്ത്രണം എന്നിവയിലെ പിഴവുകൾ അന്വേഷിക്കാൻ ചുമതലപ്പെടുത്തിയ ഏകാംഗ ജുഡീഷ്യൽ കമ്മീഷനോട് 30 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ബുധനാഴ്ച ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം നടന്ന വിജയാഘോഷത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേരാണ് മരിച്ചത്. 47 പേരാണ് പരുക്കുകളോടെ ചികിത്സയിൽ കഴിയുന്നത്. 35000 ആളുകളെ മാത്രമാണ് ചിന്നസ്വാമി സ്റ്റേഡിയത്തിന് ഉൾക്കൊള്ളാനാകുന്നത്. എന്നാൽ, പരിപാടിയിൽ പങ്കെടുക്കാൻ എത്തിയത് രണ്ട് മുതൽ മൂന്ന് ലക്ഷത്തോളം പേരാണ്.
ഇത്രയധികം ജനസാഗരത്തെ നിയന്ത്രിക്കാൻ 5,000 പൊലീസ് ഉദ്യോഗസ്ഥരെ മാത്രമാണ് നിയോഗിച്ചിരുന്നത്. നിയന്ത്രണാതീതമായി ആളുകൾ എത്തിയതോടെ പൊലീസിന്റെ നിയന്ത്രണം നഷ്ടമായി. കൂട്ടത്തോടെ സ്റ്റേഡിയത്തിന് അകത്തേക്ക് കയറാൻ ശ്രമം ഉണ്ടായതോടെയാണ് തിക്കും തിരക്കും ഉണ്ടായത്. മരിച്ചവരിൽ കൂടുതൽ യുവാക്കളും സ്ത്രീകളുമാണ്.

