അപകടം ഉണ്ടായത് മറുഭാഗത്തുനിന്ന് വന്ന ലോറി അപ്രതീക്ഷിതമായി തിരിഞ്ഞ് ഷൈനിന്റെ ഡ്രൈവർ പറയുന്നു

സേലം: നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനത്തിലേക്ക് മറുഭാഗത്തുനിന്ന് വന്ന ലോറി അപ്രതീക്ഷിതമായി തിരിഞ്ഞതാണ് അപകടകാരണമെന്ന് ഷൈനിന്റെ വാഹനമോടിച്ചിരുന്ന അനീഷിൻറെ മൊഴി. അപകടത്തിൽ ഷൈനിന്റെ പിതാവ് സി.പി. ചാക്കോ മരിച്ചിരിക്കുകയും ഷൈനിന് സാരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.

‘ഷൈനിന്റെ ചികിത്സക്കായി ബെംഗളൂരുവിലേക്ക് പോവുകയായിരുന്നു. മൂത്രമൊഴിക്കാനായി നിർത്താൻ ഡബിൾ ട്രാക്കിന്റെ ഇടതു ഭാഗം ചേർന്ന് വണ്ടി ഓടിക്കുകയായിരുന്നു. ദൂരെ വലതുവശത്തായി ലോറി പോകുന്നത് കാണാമായിരുന്നു. ലോറിയുടെ അടുത്തെത്തി ക്രോസ് ചെയ്യാനായി നിൽക്കുമ്പോൾ ലോറി വലതു വശത്തുനിന്ന് ഇടത്തേക്ക് പെട്ടെന്ന് കടന്നു വന്നു. പുലർച്ചെയായതുകൊണ്ടു തന്നെ 60-80 കിലോമീറ്റർ വേഗതയിലാണ് സഞ്ചരിച്ചിരുന്നത്. അതുകൊണ്ട് പെട്ടന്ന് ബ്രേക്ക് ചെയ്യാൻ കഴിയാത്തതിനാൽ ലോറിയുടെ പിന്നിൽ പോയി ഇടിക്കുകയായിരുന്നു’, അനീഷ് പറഞ്ഞു.

‘ഷൈന്റെ അച്ഛൻ പിൻസീറ്റിലാണ് ഇരുന്നിരുന്നത്. സീറ്റ് ബെൽറ്റ് ഇട്ടിരുന്നില്ല. ഇടിയുടെ ആഘാതത്തിൽ ഡ്രൈവിങ് സീറ്റിന്റെ പിന്നിലേക്ക് വന്ന് ഇടിച്ച് അദ്ദേഹത്തിന്റെറെ തല പൊട്ടി. അതിലേ വന്ന ആളുടെ വണ്ടിയിലാണ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രി എത്തുന്നതു വരെ അച്ഛൻ മൂളുന്നുണ്ടായിരുന്നുവെന്നും അനീഷ് പറഞ്ഞു.

റോഡിൽ മറ്റു വാഹനങ്ങളൊന്നും ആ സമയം ഉണ്ടായിരുന്നില്ലെന്നും അനീഷ് പറയുന്നുണ്ട്. തമിഴ്നാട്ടിലെ ധർമപുരി ജില്ലയിലെ ഹൊഗനയ്ക്കൽ വെച്ച് ഇന്നലെ പുലർച്ചെ ആറരയാടെയാണ് അപകടമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *