കപ്പലിൽ അപകടകരവും വിഷാംശവും നിറഞ്ഞ വസ്തുക്കൾ; ഒരു കണ്ടെയ്നർ പൊട്ടിത്തെറിച്ചു, കപ്പലിൽ നിന്നും കൂടുതൽ കണ്ടെയ്നറുകൾ വീഴുന്നു; തീ നിയന്ത്രണവിധേയമായില്ല

കേരള തീരത്തിനടുത്ത് ചരക്കുകപ്പലിനു തീപിടിച്ച് 20 കണ്ടെയ്നറുകൾ കടലിൽ‌ വീണതായി വിവരം. കപ്പലിൽ നിന്നും കൂടുതൽ കണ്ടെയ്നറുകൾ‌ താഴേക്ക് വീഴുന്നതായി വിവരം. അപകടത്തിൽപ്പെട്ടവരെ നാവികസേന കപ്പലായ ഐഎൻഎസ് സൂറത്തിലേക്ക് മാറ്റി. തീ ഇപ്പോഴും നിയന്ത്രണവിധേയമായിട്ടില്ല.

കൊളംബോയിൽനിന്നു മുംബൈയിലേക്ക് പോയ വാൻഹായ് 503 എന്ന ചരക്കു കപ്പലിലാണ് തീരത്തുനിന്ന് 78 നോട്ടിക്കൽ മൈൽ (129 കി.മീ) അകലെ വച്ച് രാവിലെ ഒൻപതരയോടെ തീപിടിത്തമുണ്ടായത്. 22 ജീവനക്കാർ കപ്പലിൽ ഉണ്ടായിരുന്നു. ഇവർക്കു പൊള്ളലേറ്റതായാണ് സൂചന. ഇതിൽ 18 പേർ കടലിൽ ചാടി. ഇവർ രക്ഷാബോട്ടുകളിൽ ഉണ്ടെന്നാണ് വിവരം. ഇവരെ രക്ഷപ്പെടുത്താൻ ശ്രമം തുടരുകയാണ്. കപ്പൽ നിലവിൽ മുങ്ങിയിട്ടില്ല. ഒരു കണ്ടെയ്നർ പൊട്ടിത്തെറിച്ചു. ഇനിയും സ്ഫോടന സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. മറ്റു കപ്പലുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

തീരസംരക്ഷണ സേനയുടെ 5 കപ്പലുകളും നേവിയുടെ ഒരു കപ്പലും സംഭവസ്ഥലത്തേക്കു പോയിട്ടുണ്ട്. തൊഴിലാളികളെ കേരള തീരത്ത് എത്തിച്ചാൽ ചികിത്സ നൽകാൻ ആവശ്യമായ തയാറെടുപ്പ് നടത്താൻ എറണാകുളം, കോഴിക്കോട് ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *