കണ്ണൂര്‍: കീഴാറ്റൂരിലെ ബൈപാസ് വിഷയത്തില്‍ കേന്ദ്രത്തിന്റെ നടപടി ആത്മഹത്യാപരമെന്ന് മന്ത്രി ജി. സുധാകരന്‍. ഇനി എന്ത് കലാപമുണ്ടായാലും സംസ്ഥാന സര്‍ക്കാരിന് ഉത്തരവാദിത്വമില്ല. നിലപാട് തിരുത്താന്‍ കേന്ദ്രം തയ്യാറാവണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

കണ്ണൂരില്‍ കീഴാറ്റൂര്‍ ബൈപ്പാസിന് ബദല്‍ സാധ്യതകള്‍ തേടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ബദല്‍ സാധ്യതകള്‍ക്കായുള്ള പഠനത്തിന് പ്രത്യേക സാങ്കേതിക സമിതിയെ നിയോഗിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിന്‍ ഗഡ്കരി അറിയിച്ചിരുന്നു. പുതിയ പാതയ്ക്കായി കീഴാറ്റൂരില്‍ വിദഗ്ധ സമിതി പരിശോധന നടത്തും. സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമാകും കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയെന്ന് കേന്ദ്രം അറിയിച്ചു.

കീഴാറ്റൂര്‍ സമരത്തിന് നേതൃത്വം നല്‍കുന്ന വയല്‍ക്കിളി കൂട്ടായ്മയുടെ പ്രവര്‍ത്തകരായ സുരേഷ് കീഴാറ്റൂറും നമ്പ്രാടത്ത് ജാനകിയുമായി മന്ത്രി നടത്തിയ ചര്‍ച്ചയിലാണ് പുതിയ തീരുമാനമുണ്ടായത്.

വയലുകളും തണ്ണീര്‍ത്തടങ്ങളും ഇല്ലാതാക്കി കീഴാറ്റൂരില്‍ ബൈപ്പാസ് നിര്‍മിക്കരുതെന്ന് വയല്‍ക്കിളി കൂട്ടായ്മ മന്ത്രിയോട് അഭ്യര്‍ഥിച്ചിരുന്നു. വ്യാഴാഴ്ച വൈകിട്ടാണ് വയല്‍ക്കിളി കൂട്ടായ്മയുടെ നേതാവായ സുരേഷ് കീഴാറ്റൂരും സംഘവും ഡല്‍ഹിയില്‍ എത്തിയത്. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ സന്ദര്‍ശിച്ച ശേഷമാണ് നിധിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *