ഇറാന് വന്‍ ആഘാതം; സൈനിക മേധാവി മുഹമ്മദ് ബഘേരിയും കൊല്ലപ്പെട്ടു, ഉന്നത ശാസ്ത്രജ്ഞരും

ടെഹ്റാൻ∙ ടെഹ്റാനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ സംയുക്ത സൈനിക മേധാവി മുഹമ്മദ് ബാഗേരിയും ഇറാൻ റെവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി) മേധാവി ഹൊസൈൻ സലാമിയും കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. ഇറാനെതിരെ ഇസ്രയേൽ പ്രധാനമന്ത്രി പ്രഖ്യാപിച്ച ഓപ്പറേഷൻ റൈസിങ് ലയണിൽ കൊല്ലപ്പെട്ടവരിൽ ബാഗേരിയും സലാമിയും ഉൾപ്പെടുന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ മാത്രം 6 സ്ഫോടനങ്ങൾ നടന്നെന്നും ഇറാന്റെ ആണവ പ്ലാന്റുകൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് അറിയിച്ചു. ഇറാന്റെ ഭീഷണിയെ നേരിടുന്നതിനായി ‘ഓപ്പറേഷൻ റൈസിങ് ലയൺ’ തുടരുമെന്നും ഇസ്രയേൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

‘‘നടാൻസിലുള്ള ഇറാന്റെ പ്രാഥമിക ആണവ സമ്പുഷ്ടീകരണ കേന്ദ്രത്തിനും ബാലിസ്റ്റിക് മിസൈൽ പദ്ധതിക്കും നേരെയും ഇസ്രയേൽ വ്യോമാക്രമണം നടത്തിയിട്ടുണ്ട്. മുഹമ്മദ് ബാഗേരി കൊല്ലപ്പെട്ടിരിക്കാം. ടെഹ്റാനിൽ നടത്തിയ ആദ്യ ആക്രമണത്തിൽ തന്നെ ഇറാനിയൻ ചീഫ് ഓഫ് സ്റ്റാഫും മുതിർന്ന ആണവ ശാസ്ത്രജ്ഞരും കൊല്ലപ്പെട്ടിരിക്കാനാണ് സാധ്യത.’’– ഇസ്രയേലി ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ എഎഫ്‌പിയോട് പറഞ്ഞു. ബാഗേരിയും സലാമിയും കൊല്ലപ്പെട്ടതായി ഇറാന്റെ ഔദ്യോഗിക ടെലിവിഷൻ ചാനൽ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോറിലെ (ഐആർജിസി) മുതിർന്ന സൈനിക ഉദ്യോഗസ്ഥനാണ് മുഹമദ് ബാഗേരി. 2016 മുതൽ ഇറാൻ സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് ആണ്. 1980ലാണ് ബാഗേരി സൈന്യത്തിൽ ചേരുന്നത്. ഇറാൻ-ഇറാഖ് യുദ്ധത്തിൽ പങ്കെടുത്തിട്ടുണ്ട്. 2022–23ല്‍ ഇറാനിൽ നടന്ന ജനകീയ പ്രതിഷേധത്തിനിടെ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയെന്ന് ആരോപിച്ച് ബാഗേരിക്ക് യുഎസ്, കാനഡ, യുകെ, യൂറോപ്യൻ യൂണിയൻ എന്നിവർ ഉപരോധം ഏർപ്പെടുത്തിയിരുന്നു. മുഹമ്മദ് ബാഗേരിയുടെ മൂത്ത സഹോദരനും ഐആർജിസി കമാൻഡറുമായ ഹസ്സൻ ബാഗേരി ഇറാൻ-ഇറാഖ് യുദ്ധത്തിൽ കൊല്ലപ്പെട്ടിരുന്നു.

ഇസ്രയേൽ-ഇറാൻ സംഘർഷം രാജ്യാന്തര തലത്തിലുള്ള വ്യോഗതാഗതത്തെ ബാധിച്ചതായി റിപ്പോർട്ട്. എയർ ഇന്ത്യ ഉൾപ്പെടെയുള്ള വിമാനങ്ങൾ വഴിതിരിച്ചുവിട്ടിരിക്കുകയാണ്. ഡൽഹി വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളെയും മധ്യേഷ്യൻ സംഘർഷം ബാധിച്ചിട്ടുണ്ട്. മേഖലയിൽ സംഘർഷം രൂക്ഷമായതിനെത്തുടർന്ന് എയർ ഇന്ത്യ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *