ഇറാന് – ഇസ്രായേല്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ അമേരിക്കയുടെ ഇടപെടല്‍ ഉണ്ടായേക്കുമെന്നാണ് സൂചനകള്‍. പ്രസിഡന്റ് ട്രംപ് നിരന്തരം പ്രകോപനപരമായ പ്രസ്താവനകളുമായി രംഗത്തുണ്ട്. ഇതിനിടെ ചൈനയും അവസരം കാത്തിരിക്കയാണോ എന്ന സംശയവും ശക്തമായിട്ടുണ്ട്. നിലവില്‍ സംഘര്‍ഷം ഒഴിവാക്കാന്‍ നിര്‍ദേശം മുന്നോട്ടു വെച്ച ചൈന ഇറാന് ആയുധങ്ങള്‍ എത്തിച്ചു നല്‍കിയോ എന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. ചൈനയില്‍ നിന്ന് മൂന്ന് കാര്‍ഗോ വിമാനങ്ങള്‍ തുടര്‍ച്ചയായി ഇറാനിലേക്കെത്തിയെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇറാനിയന്‍ സൈനിക കേന്ദ്രങ്ങളിലും ആണവ കേന്ദ്രങ്ങളിലും ഇസ്രയേലിന്റെ ആക്രമണങ്ങളുടെ പരമ്പരയായ ഓപ്പറേഷന്‍ റൈസിംഗ് ലയണിനെ ചൈന പരസ്യമായി ശക്തമായി അപലപിച്ചതിനെ തുടര്‍ന്നാണ് രഹസ്യ വിമാനങ്ങള്‍ വരുന്നത്. ആക്രമണങ്ങളില്‍ ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലിന്‍ ജിയാന്‍ ആശങ്ക പ്രകടിപ്പിക്കുകയും സംഘര്‍ഷം രൂക്ഷമാക്കുന്ന നടപടികള്‍ക്ക് എതിരായി ബീജിംഗിന്റെ എതിര്‍പ്പ് പ്രകടിപ്പിക്കുകയുംചെയ്തു.
‘ഇറാനെതിരെയുള്ള ഇസ്രായേലിന്റെ ആക്രമണങ്ങള്‍ ചൈന സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. കൂടാതെ ഈ ഓപ്പറേഷന്റെ ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ചൈന വളരെയധികം ആശങ്കാകുലരാണ്.’ ജിയാന്‍ എക്സില്‍ പറഞ്ഞു. സംഘര്‍ഷം രൂക്ഷമായതോടെ വഷളായിക്കൊണ്ടിരിക്കുന്ന സുരക്ഷാ സാഹചര്യങ്ങളും ഇസ്രായേലി വ്യോമാതിര്‍ത്തി അടച്ചതും ചൂണ്ടിക്കാട്ടി ചൈനീസ് പൗരന്മാര്‍ക്ക് തെല്‍ അവീവിലെ ചൈനീസ് എംബസി ഒഴിപ്പിക്കല്‍ നിര്‍ദേശവും നല്‍കിയിരുന്നു.
ഇറാനുമായി തന്ത്രപരമായ സഹകരണമുളള രാജ്യങ്ങളിലൊന്നാണ് ചൈന. സംഘര്‍ഷം ചൈനീസ് പ്രതിരോധ ഉപകരണങ്ങളുടെ ആവശ്യകത വര്‍ധിപ്പിക്കുമെന്ന ഊഹാപോഹങ്ങള്‍ക്കിടയില്‍ ഇന്ന് ചൈനീസ് പ്രതിരോധ ഓഹരികള്‍ വലിയ മുന്നേറ്റമാണ് നടത്തിയത്. ചൈനീസ് പ്രതിരോധ സൂചിക ഇന്‍ട്രാഡേ ഇടപാടുകളില്‍ ഏകദേശം 2 ശതമാനം നേട്ടമുണ്ടാക്കി, അതിലെ മിക്ക കമ്പനികളും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. വെള്ളിയാഴ്ച വ്യാപാരം അവസാനിച്ചപ്പോള്‍ എച്ച്.എസ് ചൈന എ എയ്റോസ്പേസ് & ഡിഫന്‍സ് 1.68 ശതമാനം ഉയര്‍ന്ന് 4,287.21 ലെത്തി.
എ.വി.ഐ.സി ചെങ്ഡു യു.എ.എസ് എന്ന കമ്പനിയാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. ആളില്ലാ വിമാനങ്ങളുടെ സിസ്റ്റംസ് നിര്‍മ്മിക്കുന്ന കമ്പനിയാണ് എ.വി.ഐ.സി ചെങ്ഡു. ഇന്‍ട്രാഡേ വ്യാപാരത്തില്‍ 13 ശതമാനത്തിലധികം നേട്ടമുണ്ടാക്കിയ ഓഹരി 11 ശതമാനം നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ഡ്രോണ്‍ കമ്പനിയായ എയ്റോസ്പേസ് സി.എച്ച് യു.എ.വി 6.5 ശതമാനം നേട്ടം രേഖപ്പെടുത്തി. നോര്‍ത്ത് ഇന്‍ഡസ്ട്രീസ് റെഡ് ആരോ, നോര്‍ത്ത് നാവിഗേഷന്‍, എവിഐസി ഷെന്‍യാങ് എയര്‍ക്രാഫ്റ്റ്, അവികോപ്റ്റര്‍ പിഎല്‍സി തുടങ്ങിയ പ്രതിരോധ കമ്പനികളുടെ ഓഹരികളും 2 മുതല്‍ 5 ശതമാനം വരെ ഉയര്‍ന്നാണ് ക്ലോസ് ചെയ്തത്
ഈ സംഘര്‍ഷത്തില്‍ റഷ്യയുടെയും ചൈനയുടെയും നിലപാട് നിര്‍ണ്ണായകമാണ്. റഷ്യയുമായി ഇറാനു മികച്ച ബന്ധമാണുള്ളത്. യുക്രൈയ്‌നുമായുള്ള യുദ്ധത്തില്‍ റഷ്യക്ക് ഡ്രോണുകളും മറ്റ് സൈനിക സഹായങ്ങളും ഇറാന്‍ നല്‍കിയിട്ടുണ്ട്. അതിനു പകരമായി റഷ്യയില്‍ നിന്ന് സൈനിക സാങ്കേതിക വിദ്യകളും സഹായങ്ങളും ഇറാന്‍ പ്രതീക്ഷിക്കുന്നു. ചൈനയും ഈ സാഹചര്യത്തില്‍ ഒരു സംഘര്‍ഷമുണ്ടായാല്‍ ഇവര്‍ ഇറാന് പ്രത്യക്ഷമായോ പരോക്ഷമായോ പിന്തുണ നല്‍കാന്‍ സാധ്യതയുണ്ട്.

