വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് ആരോപണം, ചുങ്കത്തറയിലെ സ്കൂളിൽ സംഘർഷം; 3 എൽഡിഎഫ് പ്രവർത്തകർ കസ്റ്റഡിയിൽ

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ആവേശത്തോടെ വോട്ടു രേഖപ്പെടുത്താനെത്തി വോട്ടർമാർ. ഉച്ചയ്ക്ക് ഒരുമണി വരെ 46.73%  പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. രാവിലെ മുതൽ പെയ്ത മഴയ്ക്കു ശമനമായതോടെ പല ബൂത്തുകളിലേക്കും കൂടുതൽ വോട്ടർമാരെത്തുന്നു. ഇതേ ട്രെൻഡ് തുടർന്നാൽ 2021ലെ വോട്ടിങ് ശതമാനമായ 75.23 മറികടക്കുമെന്ന കണക്കുകൂട്ടലിലാണ് മുന്നണികൾ. രാവിലെ ഏഴിന് പോളിങ് തുടങ്ങിയതു മുതൽ തന്നെ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയായിരുന്നു. മഴ ഇടയ്ക്ക് കനത്തെങ്കിലും അതൊന്നും വോട്ടർമാരെ ബാധിച്ചിട്ടില്ല.

ചുങ്കത്തറ കുറുമ്പലണ്ടോട് സ്കൂളിലെ ബൂത്തിൽ സംഘർഷമുണ്ടായി. മണ്ഡലത്തിനു പുറത്തുനിന്നെത്തിയ എൽഡിഎഫ് പ്രവർത്തകർ വോട്ട് ചെയ്യാനെത്തിയവരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് സംഘർഷം.
ഇതേച്ചൊല്ലി എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. പൊലീസ് ഇടപ്പെട്ടാണ് സ്ഥിതി ശാന്തമാക്കിയത്. തിരുനാവായ സ്വദേശികളായ 3 എൽഡിഎഫ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇവരെ പോത്തുകല്ല് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

Leave a Reply

Your email address will not be published. Required fields are marked *