വിഡിയോ കോളിന്‍റെ പേരിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ സഹോദരിയെ അതിക്രൂരമായി കൊലചെയ്ത് സഹോദരന്‍. തിരുവനന്തപുരം മണ്ണന്തലയിലെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയാണ്. കൊല്ലപ്പെട്ട ഷഫീന (33) അതിക്രൂര ശാരീരിക ഉപദ്രവത്തിന് ഇരയായി എന്നാണ് പോസ്റ്റുമോര്‍ട്ടത്തിന് ശേഷമുള്ള പ്രാഥമിക റിപ്പോര്‍ട്ടിലുള്ളത്. സഹോദരന്‍ ഷംസാദാണ് ഷഫീനയെ കൊലപ്പെടുത്തിയത്. ആണ്‍സുഹൃത്തുമായി ഷഫീന വിഡിയോ കോളില്‍ സംസാരിച്ചതിന്‍റെ പേരിലാണ് കൊല നടന്നത്. കൂടെപ്പിറപ്പിനെ താന്‍ അടിച്ചുകൊന്നുവെന്ന് പിന്നീട് ഷംസാദ് പൊലീസിന് മൊഴി നല്‍കിയിരുന്നു
ഷഫീനയുടെ തുടയില്‍ കടിയേറ്റ പാടുണ്ട്. രണ്ട് വാരിയെല്ലുകളും ചവിട്ടേറ്റ് രണ്ട് കൈത്തണ്ടകളും കഴുത്തെല്ലും ഒടിഞ്ഞിട്ടുണ്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. ഷഫീനയുടെ ശരീരമാസകലം കൊടിയ മര്‍ദനത്തിന്‍റെ പാടുകളുണ്ട്. ഷഫീനയ്ക്ക് ആണ്‍സുഹൃത്തുമായുള്ള ബന്ധം ഭര്‍ത്താവുമായുള്ള പ്രശ്നങ്ങള്‍ക്ക് കാരണമായിരുന്നു എന്നുപറഞ്ഞാണ് ഷംസാദ് ഷഫീനയെ മര്‍ദിച്ചതെന്നാണ് വിവരം. ഇതേച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതും.
മണ്ണന്തലയിലെ ഹോം സ്റ്റേയില്‍ വച്ചാണ് പോത്തന്‍കോട് സ്വദേശിയായ ഷഹീന കൊല്ലപ്പെട്ടത്. ഷഹീനയുടെ പല്ലിന്‍റെ ചികില്‍സയ്ക്കായാണ് ഷംസാദിനൊപ്പം ഷഫീന ഇവിടെയെത്തിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് കൊല നടന്നത്. കൃത്യത്തിനു ശേഷം ഷംസാദും സുഹൃത്ത് വിശാഖും മൃതദേഹത്തിന് കാവലിരിക്കുകയായിരുന്നു. വിവരമറിഞ്ഞ് ഷഫീനയുടെ മാതാപിതാക്കള്‍ ഈ ഹോം സ്റ്റേയിലേക്ക് എത്തിയപ്പോള്‍ കാണുന്ന കാഴ്ച ഇതായിരുന്നു. ഷഫീനയുടെ മൃതദേഹം ഇവിടെനിന്ന് മാറ്റാന്‍ ഷംസാദ് ആദ്യം തയ്യാറായില്ല. ഷാംസാദും വിശാഖും മദ്യലഹരിയിലായിരുന്നു എന്ന് പൊലീസ് പിന്നീട് പറഞ്ഞു.

