കൊച്ചി: കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ ഇടുക്കി, എറണാകുളം, തൃശൂർ, കോട്ടയം, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു.
എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ജില്ല കലക്ടർ അറിയിച്ചു. അംഗണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കുംഅവധി ബാധകമാണ്.
ഇടുക്കി ജില്ലയിൽ അപകടങ്ങൾ ഒഴിവാക്കാനായി പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ല കലക്ടർ അവധി പ്രഖ്യാപിച്ചു. അംഗണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, കേന്ദ്രീയ വിദ്യാലയം ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.
എന്നാൽ റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ഉണ്ടായിരിക്കില്ല. നഷ്ടപെടുന്ന പഠന സമയം ഓൺലൈൻ ക്ലാസ്സുകൾ ഉൾപ്പടെ നടത്തി ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കണമെന്നും കലക്ടറുടെ ഉത്തരവിൽ പറയുന്നു.
തൃശൂര്‍ ജില്ലയില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും ശക്തമായ മഴ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. സി.ബി.എസ്.സി, ഐ.സി.എസ്.സി, കേന്ദ്രീയ വിദ്യാലയം, അംഗണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.
കോട്ടയം ജില്ലയിലെ പ്രഫഷനൽ കോളജുകൾ, അംഗണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച കലക്ടർ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.
വയനാട് ജില്ലയിൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച ജില്ല കലക്ടർ ഡി.ആർ. മേഘശ്രീ അവധി പ്രഖ്യാപിച്ചു. മദ്രസകൾക്കും അംഗണവാടികൾക്കും അവധി ബാധകമാണ്. റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അവധി ബാധകമല്ല.

