രണ്ടാഴ്ച പരിശ്രമിച്ചിട്ടും ബ്രിട്ടീഷ് യുദ്ധവിമാനാത്തിന്റെ തകരാർ കണ്ടെത്താതെ എല്ലാവരും സുല്ലിട്ടു; റിസർവ്   പൈലറ്റും സ്ഥലംവിട്ടു

തിരുവനന്തപുരം: രണ്ടാഴ്ച പരിശ്രമിച്ചിട്ടും സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാത്തതിനാൽ തിരുവനന്തപുരം വിമാനത്താവളത്തിൽ നിറുത്തിയിട്ടിരിക്കുന്ന യുദ്ധവിമാനത്തിന്റെ റിസർവ് പൈലറ്റ് തിരികെപ്പോയി. ഇതോടെ യുദ്ധവിമാനം ഉടൻതന്നെ എയർ ഇന്ത്യയുടെ ഹാംഗറിലേക്ക് മാറ്റുമെന്നാണ് റിപ്പോർട്ട്. വിമാനം ഹാംഗറിലേക്ക് മാറ്റാമെന്ന നിർദ്ദേശം ഉണ്ടായെങ്കിലും ബ്രിട്ടൻ അത് തളളുകയായിരുന്നു. തകരാർ പരിഹരിക്കാൻ കഴിയാത്തതിനാൽ യുദ്ധക്കപ്പലിൽ നിന്നുളള വിദഗ്ദ്ധരും പൈലറ്റും നേരത്തേ തിരിച്ചുപോയിരുന്നു.

യുദ്ധവിമാനത്തിന്റെ പ്രശ്നങ്ങൾ പരിശോധിക്കാനായി വിദഗ്ദ്ധസംഘം ഉടൻ തിരുവനന്തപുരത്തെത്തും എന്നാണ് ബ്രിട്ടൻ വ്യക്തമാക്കുന്നത്. വിമാനം നിർമ്മിച്ച കമ്പനിയുടെ എൻജിനീയർമാരും ഇതിൽ ഉണ്ടാവും. അവർ എത്തുന്നതോടെ പ്രശ്നങ്ങൾ പൂർണമായും പരിഹരിച്ച് വിമാനം കൊണ്ടുപോകാൻ കഴിയും എന്നാണ് പ്രതീക്ഷ.

ലോകത്തെ ഏറ്റവും ചെലവേറിയ യുദ്ധവിമാനമാണ് അമേരിക്കൻ നിർമ്മിത എഫ്-35ബി. അതിനാൽ തന്നെ ഇതിന്റെ സാങ്കേിതക വിദ്യകൾ മറ്റാരെങ്കിലും പരിശോധിക്കുമാേ എന്ന് ബ്രിട്ടന് ഭയമുണ്ട്. അതിനാലാണ് ഹാങ്കർ യൂണിറ്റിലേക്ക് മാറ്റാമെന്ന എയർ ഇന്ത്യയുടെ വാഗ്ദാനം റോയൽ നേവി ആദ്യം നിരസിച്ചതെന്നാണ് റിപ്പോർട്ട്.

ഇന്ത്യൻ നാവികസേനയുമായി ചേർന്ന് സംയുക്ത അഭ്യാസം പൂർത്തിയാക്കിയ ബ്രിട്ട‌ന്റെ എച്ച്എംഎസ് പ്രിൻസ് ഒഫ് വെയിൽസ് കാരിയർ സ്ട്രൈക്ക് ഗ്രൂപ്പിന്റെ ഭാഗമായിരുന്ന വിമാനമാണ് ഇന്ധനം തീർന്നതിനെ തുടർന്ന് തിരുവനന്തപുരത്ത് അടിയന്തിരമായി ഇറക്കിയത്.

ഇവ ഇത്തരത്തിൽ നിലത്തിറക്കുന്നത് അസാധാരണമായ സംഭവമാണ്. റഡാർ സംവിധാനങ്ങളെപ്പോലും കബളിപ്പിച്ച് ആക്രമണം നടത്താൻ ശേഷിയുള്ളവയാണ് എഫ്-35ബി യുദ്ധവിമാനങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *