പുതുക്കാട് നവജാതശിശുക്കളെ കുഴിച്ചുമൂടിയ സംഭവത്തിൽ ഒരു കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് പൊലീസ്

തൃശൂർ: പുതുക്കാട് നവജാതശിശുക്കളെ കുഴിച്ചുമൂടിയ സംഭവത്തിൽ ഒരു കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കുഞ്ഞുങ്ങളുടെ മാതാപിതാക്കളായ വെളളിക്കുളങ്ങര സ്വദേശികളായ ഭവിനെയും (26) അനീഷയെയും (21) പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്വാസം മുട്ടിച്ചാണ് രണ്ടാമത്തെ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നാണ് അമ്മയുടെ മൊഴി. കൊലപാതകത്തെക്കുറിച്ച് ഭവിന് അറിയാമെന്ന് സംശയിക്കുന്നതായും പൊലീസ് വ്യക്തമാക്കി.

പൊക്കിൾക്കൊടി കഴുത്തിൽ കുരുങ്ങിയാണ് ആദ്യത്തെ കുട്ടി മരിച്ചതെന്നാണ് അനീഷ പറഞ്ഞത്. യുവതിയാണ് ആദ്യത്തെ കുഞ്ഞിന്റെ മൃതദേഹം കുഴിച്ചിട്ടത്. രണ്ടാമത്തെ കുഞ്ഞിനെ ഭവിനെ ഏൽപ്പിച്ചു. ഇയാളാണ് കുഞ്ഞിന്റെ മൃതദേഹം കുഴിച്ചിട്ടത്. എന്നാൽ മകൾ രണ്ടുതവണ ഗർഭിണിയായത് അറിഞ്ഞില്ലെന്നാണ് അനീഷയുടെ മാതാവ് പറഞ്ഞത്. നാലുകൊല്ലമായി ഭവിനുമായി മകൾ ബന്ധത്തിലാണെന്നും അമ്മ പറഞ്ഞു. വീട്ടിൽ അമ്മയും അനീഷയും സഹോദരനുമാണുള്ളത്.

അനീഷ ലാബ് ടെക്‌നീഷ്യനാണ്. 2020ൽ ആണ് അനീഷയും ഭവിനും ഫേസ്‌ബുക്കിലൂടെ പരിചയപ്പെടുന്നത്. 2021ൽ അനീഷ ഗർഭിണിയാവുകയും വീട്ടുകാരറിയാതെ പ്രസവിക്കുകയും ചെയ്തു. ആദ്യത്തെ കുഞ്ഞ് പൊക്കിൾക്കൊടി കഴുത്തിൽ കുരുങ്ങി വയറ്റിനുള്ളിൽവച്ചുതന്നെ മരിച്ചെന്നാണ് അനീഷയുടെ മൊഴി. തുടർന്ന് കുഞ്ഞിനെ വീടിനടുത്ത് തന്നെ കുഴിച്ചുമൂടി. ശാപമുണ്ടാകാതിരിക്കാൻ മരണാനന്തര ക്രിയ നടത്താൻ വേണ്ടിയാണ് അസ്ഥികൾ സൂക്ഷിച്ചുവച്ചത്.

തുടർന്ന് രണ്ടാമതും അനീഷ ഗർഭം ധരിച്ചു. വീട്ടുകാരറിയാതെ പ്രസവിക്കുകയും ചെയ്തു. കുഞ്ഞ് കരഞ്ഞപ്പോൾ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് യുവതി പൊലീസിന് മൊഴി നൽകിയത്. തുടർന്ന് മൃതദേഹം യുവാവിന് കൈമാറുകയായിരുന്നു. ഇതിനുശേഷം ഇവരുടെ ബന്ധത്തിൽ പ്രശ്നങ്ങൾ ഉടലെടുത്തു. അനീഷ മറ്റൊരു വിവാഹം കഴിക്കുമോയെന്ന സംശയത്തിലാണ് ഭവി അസ്ഥികളുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. ഇവർ തമ്മിൽ ഇന്നലെ വഴക്കുണ്ടാവുകയും ചെയ്തിരുന്നു. ഇന്നലെ രാത്രി 12 മണിയോടെ മദ്യലഹരിയിലാണ് യുവാവ് സ്‌​റ്റേഷനിലെത്തിയത്. രണ്ട് കുഞ്ഞുങ്ങളെയും രണ്ട് സ്ഥലങ്ങളിലായി കുഴിച്ചിട്ടുവെന്നും ഇയാൾ പൊലീസിനോട് പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *