പ്രതീക്ഷിച്ച ഫലം കിട്ടിയില്ല;ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുഖ്യ പരിശീലക സ്ഥാനം ഒഴിഞ്ഞ് മനോളോ മാര്‍ക്കസ്

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുഖ്യ പരിശീലക സ്ഥാനം ഒഴിഞ്ഞ് മനോളോ മാര്‍ക്കസ്. തന്റെ കീഴില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഇന്ത്യന്‍ ടീമിന് കഴിയാതെ വന്നതോടെ അദ്ദേഹം രാജി സന്നദ്ധത അറിയിച്ചിരുന്നു. അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഈ തീരുമാനം അംഗീകരിച്ചതോടെയാണ് മാര്‍ക്കസിന്റെ രാജിക്ക് കളം ഒരുങ്ങിയത്. കഴിഞ്ഞ ദിവസം ചേര്‍ന്ന എ ഐ എഫ്എഫ് എക്‌സിക്യൂട്ടീവ് കമ്മിറ്റി മനോളയുടെ ആവശ്യം അംഗീകരിക്കുകയായിരുന്നു.

ബംഗ്ലാദേശ്, തായ്ലാന്‍ഡ്, ഹോങ് കോങ് ടീമുകള്‍ക്കെതിരേയാണ് മോശം പ്രകടനം. അതോടെ പരിശീലകനുനേരെ വന്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതോടെ അദ്ദേഹത്തിന് സ്ഥാനം നഷ്ടമാകുമെന്ന അഭ്യൂഹമുണ്ടായിരുന്നു. റാങ്കിംഗില്‍ ഇന്ത്യയെക്കാള്‍ ബഹുദൂരം പിന്നിലുള്ള ഹോങ്കോങ്ങിനെതിരായ തോല്‍വി മനോളയ്ക്കും സംഘത്തിനും കനത്ത തിരിച്ചടിയായി. ഇതോടെ അദ്ദേഹത്തിനെതിരെ വലിയതോതിലുള്ള വിമര്‍ശനം ഉയര്‍ന്നിരുന്നു.

മത്സരത്തില്‍ സൂപ്പര്‍താരം സുനില്‍ ഛേത്രിയെ ബെഞ്ചിലിരുത്തിയാണ് മനോള ടീമിനെ ഇറക്കിയത്. 58-ാം മിനിറ്റില്‍ ഛേത്രിയെ കളത്തിലിറക്കിയെങ്കിലും ടീമിന് വിജയിക്കാനായില്ല. പരാജയം നേരിട്ടതോടെ ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ യോഗ്യത ഉറപ്പിക്കുന്നത് ദുഷ്‌കരമായിരിക്കുകയാണ്. ഇതോടെയാണ് പരിശീലകസ്ഥാനം ഒഴിയാന്‍ സ്പാനിഷ് പരിശീലകന്‍ സന്നദ്ധത പ്രകടിപ്പിച്ചത്. മുന്‍പ് ഐഎസ്എല്‍ ക്ലബ്ബ് ഹൈദരാബാദ് എഫ്‌സിയെ ചാമ്പ്യന്‍മാരാക്കിയിരുന്നു. ക്രൊയേഷ്യയില്‍ നിന്നുള്ള ഇഗോര്‍ സ്റ്റിമാച്ചിന്റെ പകരക്കാരനായി 2024ലാണ് മാര്‍ക്കസ് ഇന്ത്യയുടെ പരിശീലകനായത്.

Leave a Reply

Your email address will not be published. Required fields are marked *