മാഡ്രിഡ്: പോര്‍ച്ചുഗല്‍ ഫുട്ബാള്‍ ടീമിന്റേയും ഇംഗ്‌ളീഷ് ക്‌ളബ് ലിവര്‍പൂളിന്റേയും സ്‌ട്രൈക്കര്‍ ഡിയോഗോ ജോട്ടയും സഹോദരനും സ്‌പെയ്‌നില്‍ നടന്ന കാറപകടത്തില്‍ മരിച്ചു .28 വയസേ ഉണ്ടായിരുന്നുള്ളൂ ജോട്ടയ്ക്ക്. സഹോദരന്‍ ആന്ദ്രെയും ഫുട്ബാള്‍ താരമായിരുന്നു. വടക്കുപടിഞ്ഞാറന്‍ സ്പെയിനിലെ സമോറ നഗരത്തില്‍ഇവര്‍ സഞ്ചരിച്ചിരുന്ന ലംബോര്‍ഗിനി കാര്‍ അപകടത്തില്‍പെട്ട് കത്തിയമരുകയായിരുന്നു
ഇക്കഴിഞ്ഞ യുവേഫ നേഷന്‍സ് ലീഗില്‍ കിരീടം നേടിയ പോര്‍ച്ചുഗീസ് ടീമിലും ഇംഗ്‌ളീഷ് പ്രിമിയര്‍ ലീഗ് കിരീടം നേടിയ ലിവര്‍പൂള്‍ ടീമിലും ജോട്ട കളിച്ചിരുന്നു. മേയ് 25ന് പ്രിമിയര്‍ ലീഗ് സീസണിലെ അവസാനമത്സരത്തില്‍ ക്രിസ്റ്റല്‍ പാലസിനെതിരെയാണ് ലിവര്‍പൂളിന്റെ കുപ്പായത്തില്‍ അവസാനമത്സരം കളിച്ചത്. ഏപ്രില്‍ മൂന്നിന് എവര്‍ട്ടനെതിരെയാണ് ലിവര്‍പൂളിനായി അവസാന ഗോള്‍ നേടിയത്. ജൂണ്‍ ഒന്‍പതിന് സ്‌പെയ്‌നിന് എതിരായ നേഷന്‍സ് ലീഗ് ഫൈനലിലാണ് അവസാനമായി പോര്‍ച്ചുഗലിന്റെ കുപ്പായമണിഞ്ഞത്.
1996ല്‍ പോര്‍ട്ടോയില്‍ ജനിച്ച ജോട്ട പാക്കോസ് ഡി ഫെരേരയുടെ യൂത്ത് അക്കാദമിയിലൂടെയാണ് കരിയര്‍ ആരംഭിച്ചത്. 2016ല്‍ അത്ലറ്റിക്കോ മാഡ്രിഡിലേക്ക് മാറി. അടുത്ത വര്‍ഷം പ്രീമിയര്‍ ലീഗില്‍ വോള്‍വര്‍ഹാംപ്ടണിലെത്തി. 2020-ലാണ് ലിവര്‍പൂളിലെത്തുന്നത്. ക്ലബ്ബിനായി 182 മത്സരങ്ങളില്‍ നിന്നായി 65 ഗോളുകള്‍ നേടിയിട്ടുണ്ട്. 2019ല്‍ പോര്‍ച്ചുഗലിന്റെ കുപ്പായത്തില്‍ അരങ്ങേറിയ താരം 49 മത്സരങ്ങളില്‍ 14 ഗോളുകള്‍ നേടിയിട്ടുണ്ട്. രണ്ട് യുവേഫ നേഷന്‍സ് ലീഗ് കിരീടനേട്ടങ്ങളില്‍ പങ്കാളിയായി.
വിവാഹം കഴിഞ്ഞ് 10-ാം നാള്‍ മരണം
ദീര്‍ഘകാല പ്രണയിനിയായ റൂത്ത് കാര്‍ഡോസോയുമായുള്ള വിവാഹം കഴിഞ്ഞ് 10-ാം ദിവസമാണ് താരത്തിന്റെ മരണം. ഇവര്‍ക്ക് മൂന്ന് മക്കളുണ്ട്. ജൂണ്‍ 22നായിരുന്നു ഇവരുടെ വിവാഹം. 15 വര്‍ഷം മുമ്പ് പോര്‍ട്ടോയില്‍ ഹൈസ്‌കൂളില്‍ പഠിക്കുമ്പോഴാണ് ഇവര്‍ കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. ജോട്ടയുടെ ഫുട്ബാള്‍ യാത്രയില്‍ നിഴലായി റൂത്ത് പിന്തുടര്‍ന്നു. യുവേഫ നേഷന്‍സ് ലീഗ് കിരീടനേട്ടത്തിന് ശേഷമാണ് വിവാഹം ഔദ്യോഗികമായി നടത്തിയത്. ജോട്ട മരണപ്പെടുന്നത് തൊട്ടുമുമ്പ് ഒരിക്കലും മറക്കാനാവാത്ത നിമിഷം എന്ന കുറിപ്പോടെ റൂത്ത് തന്റെ ഇന്‍സ്റ്റഗ്രാമില്‍ വിവാഹവീഡിയോ പങ്കുവച്ചിരുന്നു. മക്കളുടെ സാന്നിദ്ധ്യത്തിലാണ് വിവാഹം നടന്നത്.
അപകടം ടയര്‍ പൊട്ടി
ജോട്ടയും സഹോദരനും സഞ്ചരിച്ചിരുന്ന ലംബോര്‍ഗിനി കാറിന്റെ ടയര്‍ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ പൊട്ടി റോഡില്‍ നിന്ന് തെന്നിമാറി മതിലിലടിച്ച് തീപിടിക്കുകയായിരുന്നെന്നാണ് സ്പാനിഷ് പൊലീസ് പറയുന്നത്. ജോട്ടയും ആന്ദ്രേയും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.

