കോട്ടയം: ഫാദര്‍ തോമസ് പീലിയാനിക്കലിനെ പൗരോഹിത്യ ചുമതലകളില്‍നിന്ന് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ചങ്ങനാശേരി അതിരൂപതയുടേതാണ് നടപടി.

നിലവില്‍ ആറ് കേസാണ് ഫാ. പീലിയാനിക്കലിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. വിശ്വാസ വഞ്ചനക്കും വ്യാജരേഖ ചമച്ച് വായ്പ തട്ടിയതിനുമാണ് കേസ് എടുത്തിരിക്കുന്നത്.

കുട്ടനാട്ടിലെ നിരവധിയാളുകളുടെ പേരില്‍ ഗ്രൂപ്പുകളുണ്ടാക്കി വായ്പ നല്‍കാന്‍ ബാങ്കുകളെ തെറ്റിദ്ധരിപ്പിക്കുകയും ഗ്രൂപ്പില്‍പെട്ട കര്‍ഷകര്‍ അതിന്റെ പേരില്‍ കടക്കെണിയിലാവുകയും ചെയ്‌തെന്ന പരാതിയിലാണ് പീലിയാനിക്കല്‍ പ്രതിയായത്. ഈ സംഭവത്തില്‍ വിവിധ സ്‌റ്റേഷനിലായി 12 കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ആലപ്പുഴ ജില്ല ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന കേസില്‍ തോമസ് പീലിയാനിക്കലിനെക്കൂടാതെ കാവാലം സ്വദേശിയും വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ എന്‍.സി.പി നേതാവ് റോജോ ജോസഫ്, കുട്ടനാട് വികസന സമിതി ഓഫിസ് ജീവനക്കാരി ത്രേസ്യാമ്മ തുടങ്ങിയവരും പ്രതികളാണ്.

2014ല്‍ എടത്വ കനറാ ബാങ്കില്‍നിന്ന് മേജോ വായ്പയെടുത്തെന്നും പലിശ സഹിതം 4.50 ലക്ഷം തിരിച്ചടക്കണമെന്നും കാട്ടി ജപ്തി നോട്ടീസ് വന്നതോടെയാണ് മേജോ തട്ടിപ്പ് വിവരം അറിയുന്നത്. തുടര്‍ന്നാണ് പരാതി നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *