58 വര്‍ഷക്കാലം ഇന്ത്യയ്ക്ക് പിടിതരാതിരുന്ന എജ്ബാസ്റ്റണില്‍ ടെസ്റ്റ് ജയം സ്വന്തമാക്കി ഇന്ത്യ

ബര്‍മിങ്ങാം: ഒടുവില്‍ 58 വര്‍ഷക്കാലം ഇന്ത്യയ്ക്ക് പിടിതരാതിരുന്ന എജ്ബാസ്റ്റണില്‍ ടെസ്റ്റ് ജയം സ്വന്തമാക്കി ഇന്ത്യ. രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ 336 റണ്‍സിനാണ് ഇന്ത്യ കീഴടക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 608 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 271 റണ്‍സിന് ഓള്‍ഔട്ടായി. ജയത്തോടെ അഞ്ചു മത്സര പരമ്പരയില്‍ ഇന്ത്യ ഒപ്പമെത്തി (1-1). ഒന്നാം ഇന്നിങ്‌സില്‍ ഇരട്ട സെഞ്ചുറിയും (269) രണ്ടാം ഇന്നിങ്‌സില്‍ സെഞ്ചുറിയും നേടിയ (161) ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലാണ് കളിയിലെ താരം.

1967 മുതല്‍ ഇന്ത്യ എജ്ബാസ്റ്റണില്‍ ടെസ്റ്റ് കളിക്കുന്നുണ്ട്. ആ 58 വര്‍ഷത്തിനിടെ എട്ടു ടെസ്റ്റുകള്‍ കളിച്ചിട്ടും ഇവിടെ ഇന്ത്യക്ക് ഒരു മത്സരം പോലും വിജയിക്കാന്‍ സാധിച്ചിട്ടില്ല. ആ ചരിത്രമാണ് ഇത്തവണ ഗില്ലും സംഘവും തിരുത്തിയത്. ഇന്ത്യ ടെസ്റ്റ് ജയിക്കുന്ന 60-ാമത്തെ വേദിയാണ് എജ്ബാസ്റ്റണ്‍.

ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ ആകാശ് ദീപ് ഇന്ത്യയ്ക്കായി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. ആറു വിക്കറ്റ് വീഴ്ത്തിയ ആകാശാണ് രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ തകര്‍ത്തത്. ഒന്നാം ഇന്നിങ്‌സില്‍ താരം നാലു വിക്കറ്റ് വീഴ്ത്തിയിരുന്നു. ഇതോടെ 1976-ന് ശേഷം ഒരു ടെസ്റ്റ് ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ ആദ്യ അഞ്ച് പ്രധാന ബാറ്റര്‍മാരില്‍ നാലു പേരെയും (ബെന്‍ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്) പുറത്താക്കുന്ന ആദ്യ ബൗളറെന്ന നേട്ടവും ആകാശിന് സ്വന്തമായി. 1976-ല്‍ വെസ്റ്റിന്‍ഡീസ് ഇതിഹാസം മൈക്കല്‍ ഹോള്‍ഡിങ്ങാണ് ഈ നേട്ടം സ്വന്തമാക്കിയത്. 49 വര്‍ഷത്തിനിടെ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ബൗളറായി ആകാശ് ദീപ് മാറി.

99 പന്തില്‍ നിന്ന് നാലു സിക്സും ഒമ്പത് ഫോറുമടക്കം 88 റണ്‍സെടുത്ത ജാമി സ്മിത്താണ് രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ഒന്നാം ഇന്നിങ്‌സില്‍ താരം 184 റണ്‍സോടെ പുറത്താകാതെ നിന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *