കരുണാനിധിയുടെ വിലാപ യാത്ര തുടങ്ങി: സംസ്‌കാരം ആറ് മണിക്ക് മറീന ബീച്ചില്‍

ചെന്നൈ : അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കരുണാനിധിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തുടങ്ങി. രാജാജി ഹാളില്‍നിന്ന് നാലുമണിക്കാണു വിലാപയാത്രയ്ക്കു തുടക്കമായത്. വൈകിട്ട് ആറിന് മറീന ബീച്ചില്‍ അണ്ണാ സമാധിക്കുസമീപമാണ് കരുണാനിധിയുടെ സംസ്‌കാരം.

അണ്ണാ സമാധിയുടെ സമീപത്തായി സംസ്‌കാരത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. ഡിഎംകെയുടെ മുതിര്‍ന്ന നേതാക്കളുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്.

അര്‍ധരാത്രിയും പകലും നീണ്ടുനിന്ന പോരാട്ടത്തിലൂടെയാണ് മറീന ബീച്ചില്‍ കരുണാനിധിക്ക് അന്ത്യവിശ്രമത്തിനുള്ള അനുമതി ലഭിച്ചത്. പൊതുദര്‍ശനത്തിനുള്ള സമയം അവസാനിക്കുമ്‌ബോഴും ആയിരങ്ങളാണ് തങ്ങളുടെ തലൈവരെ ഒരുനോക്കുകാണാനായി കാത്തിരിക്കുന്നത്.

ഇന്നലെ വൈകുന്നേരമാണ് ദ്രാവിഡ മുന്നേറ്റ കഴകം(ഡിഎംകെ) കുലപതി കരുണാനിധി മരണപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍, നടന്‍ രജനീകാന്ത്, ധനുഷ്, മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം, ടി.ടി.വി.ദിനകരന്‍, കേരള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കമല്‍ഹാസന്‍, ദീപ ജയകുമാര്‍ തുടങ്ങി ഒട്ടേറെപ്പേരെത്തി അന്തിമോപചാരം അര്‍പ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *