കൊച്ചി: കീം (കേരള എൻജിനീയറിങ് ആർകിടെക്ചർ മെഡിക്കൽ- KEAM) പരീക്ഷ ഫലം ഹൈകോടതി റദ്ദാക്കി. പരീക്ഷയുടെ വെയിറ്റേജ് മാറ്റിയത് ചോദ്യംചെയ്തുള്ള ഹരജികളെ തുടർന്നാണ് പരീക്ഷ ഫലം റദ്ദാക്കിയത്. പരീക്ഷ നടത്തിയതിന് ശേഷം പ്രോസ്പെക്ടസ് മാറ്റി വെയിറ്റേജിൽ മാറ്റം വരുത്തിയതിനെയാണ് കോടതിയിൽ ചോദ്യംചെയ്തത്.
ജസ്റ്റിസ് ഡി.കെ. സിങ്ങിന്റേതാണ് ഉത്തരവ്. എന്‍ജിനിയറിങ് പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷയുടെ റാങ്ക് നിര്‍ണയ രീതി സി.ബി.എസ്.ഇ സിലബസിലെ വിദാര്‍ഥികളെ ദോഷകരമായി ബാധിക്കുന്നതായാണ് ഹരജിക്കാർ ചൂണ്ടിക്കാട്ടിയത്. കീം പരീക്ഷക്ക് മുമ്പ് പുറത്തിറക്കിയ പ്രോസ്പെക്ടസ് പ്രകാരം എൻട്രൻസ് പരീക്ഷയ്‌ക്കും പ്ലസ്ടുവിനും ലഭിച്ച മാർക്കുകൾ ഒരുമിച്ച് പരിഗണിച്ചാണ് റാങ്ക് ലിസ്റ്റ് തയാറാക്കുന്നത്. ഇത് പ്രകാരം റാങ്ക് ലിസ്റ്റ് തയാറാക്കുമ്പോൾ കേരള സിലബസ് വിദ്യാർഥികൾക്ക് സി.ബി.എസ്.ഇ വിദ്യാർഥികളേക്കാൾ 15 മുതൽ 20 വരെ മാർക്ക് കുറയുന്നതായി പരാതി ഉണ്ടായിരുന്നു. തുടർന്നാണ് മാർക്ക് കുറയാത്തരീതിയിൽ പുതിയ സമവാക്യം സർക്കാർ കൊണ്ടുവന്നത്
ജൂലൈ ഒന്നിനാണ് കീം ഫലം പ്രഖ്യാപിച്ചത്. എൻജിനീയറിങ് വിഭാഗത്തില്‍ എറണാകുളം മൂവാറ്റുപുഴ സ്വദേശി ജോണ്‍ ഷിനോജും ഫാർമസിയിൽ ആലപ്പുഴ പത്തിയൂർ സ്വദേശിനി അനഘ അനിലും ഒന്നാം റാങ്ക് നേടിയിരുന്നു.
എൻജിനീയറിങ്ങിൽ 86,549 പേർ പരീക്ഷയെഴുതിയതിൽ 76,230 പേർ യോഗ്യത നേടി. ഇതിൽ 33,555 പെൺകുട്ടികളും 33,950 ആൺകുട്ടികളുമടക്കം 67,505 പേരാണ് റാങ്ക് പട്ടികയിൽ ഇടം നേടിയത്. ആദ്യ നൂറ് റാങ്കുകാരിൽ 43 പേർ പ്ലസ്ടു കേരള ബോർഡ് പരീക്ഷയെഴുതിയവരാണ്. 55 പേർ സി.ബി.എസ്.ഇ സിലബസും രണ്ടുപേർ ഐ.എസ്.സി.ഇ സിലബസും പ്രകാരം യോഗ്യതാ പരീക്ഷയെഴുതിയവരാണ്. 33425 പേരാണ് ഫാർമസി പരീക്ഷയെഴുതിയത്. ഇതിൽ 27841 പേർ റാങ്ക് ലിസ്റ്റിൽ ഇടം നേടി.

