ബിജെപി – സിപിഎം സംഘർഷം; 2 സിപിഎം പ്രവർത്തകർക്കു വെട്ടേറ്റു, രാത്രിയിൽ കനത്ത പട്രോളിങ്

ഓമല്ലൂർ ∙ ബിജെപി – സിപിഎം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ 2 സിപിഎം പ്രവർത്തകർക്കു വെട്ടേറ്റു. ഒരു ബിജെപി പ്രവർത്തകനും മറ്റൊരു സിപിഎം പ്രവർത്തകനും മർദനമേറ്റു. സംഭവത്തിൽ ഒരു ബിജെപി പ്രവർത്തകനെയും ഒരു സിപിഎം പ്രവർത്തകനെയും പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു. 2 സിപിഎം പ്രവർത്തകർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഓമല്ലൂർ പറയനാലി തുണ്ടിൽ മേലേതിൽ ടി.അരുൺ, തുണ്ടിയിൽ വടക്കേതിൽ എം.പ്രദീപ് എന്നിവർക്കാണു വെട്ടേറ്റത്. ഇവരെ കൂടാതെ പറയനാലി സ്വദേശി ഷൈജുവിനു മർദനമേറ്റു. ബിജെപി പ്രവർത്തകൻ ഓമല്ലൂർ പൈവള്ളി താന്നിമൂട്ടിൽ അഖിലിനു പരുക്കുണ്ട്.

പകൽ സമയത്തെ പ്രശ്നങ്ങൾക്കു ശേഷം രാത്രി ഇരു വിഭാഗങ്ങളും ഓമല്ലൂരിൽ പ്രകടനം നടത്തിയതോടെ 2 മണിക്കൂറോളം പ്രദേശത്ത് സംഘർഷാവസ്ഥയായിരുന്നു. പത്തനംതിട്ട, അടൂർ ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘമെത്തിയാണ് സംഘർഷം കനക്കുന്നതു തടഞ്ഞത്. രാത്രി ഒൻപതോടെയാണ് ഇരു വിഭാഗവും പിരിഞ്ഞു പോയത്.

ഓമല്ലൂരിലെ ബിജെപി പ്രവർത്തകൻ അഖിലിന്റെ വീടിനു മുന്നിൽ ഇന്നലെ സിപിഎം – ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായെന്നാണു പൊലീസ് പറയുന്നത്. അഖിലിന്റെ വീടിനടുത്ത് സിപിഎം പ്രവർത്തകരുടെ വാഹനങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ബിജെപി പ്രവർത്തകൻ അഖിലിന്റെ വീട്ടിലേക്ക് ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ന് സിപിഎം പ്രവർത്തകർ കടന്നു കയറി ആക്രമിച്ചെന്നാണ് ബിജെപി വാദം. അഖിലിനും അമ്മയ്ക്കും പരുക്കുണ്ടെന്നും ഇവർ പറയുന്നു. എന്നാൽ വീടിനു മുന്നിലെ റോഡിലൂടെ ബൈക്കിൽ പോയ സിപിഎം പ്രവർത്തകരെ അഖിൽ ആക്രമിച്ചെന്നാണ് സിപിഎം നേതാക്കളുടെ ആരോപണം. പരുക്കേറ്റ 3 സിപിഎം പ്രവർത്തകർ ചികിത്സ തേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *