ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന രഘുറാം രാജനെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മേധാവിയായി പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. ലോക പ്രശസ്ത സാമ്പത്തിക വിദഗ്ധനായ രഘുറാം രാജന് ഈ സ്ഥാനം ലഭിക്കാന്‍ വലിയ സാധ്യതയാണുള്ളതെന്നും ഫൈനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നിലവില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണറായ മാര്‍ക്ക് കാര്‍ണിയുടെ കാലാവധി അടുത്ത വര്‍ഷം പൂര്‍ത്തിയാകുന്നതോടെ തത്സ്ഥാനത്ത് രഘുറാം രാജനെ നിയമിക്കാന്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്. ബാങ്കിന്റെ മേധാവിയായി പുതിയ ആളെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടില്ലെന്നും എന്നാല്‍, ഗവര്‍ണര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നതിന് ആറു പേരുടെ പട്ടിക തയ്യാറാക്കിയിട്ടുള്ളതായും റിപ്പോര്‍ട്ട് പറയുന്നു.

റിസര്‍വ് ബാങ്ക് ഗവര്‍ണറായിരിക്കെ അദ്ദേഹം കൈവരിച്ച നേട്ടങ്ങളും കേന്ദ്രീകൃത ബാങ്കിങ്ങില്‍ അദ്ദേഹത്തിനുള്ള പരിചയവും സാമ്പത്തിക വിദഗ്ധന്‍ എന്ന നിലിയില്‍ അന്താരാഷ്ട്ര തലത്തില്‍ നേടിയിട്ടുള്ള അംഗീകാരങ്ങളും രഘുറാം രാജനെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മേധാവിയായി പരിഗണിക്കുന്നതില്‍ നിര്‍ണായകമാകും. എന്നാല്‍ ഇത്തരമൊരു പദവി ഏറ്റെടുക്കുന്നത് സംബന്ധിച്ച് അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

013ല്‍ ആണ് റിസര്‍വ് ബാങ്ക് ഗവര്‍ണറായി രഘുറാം രാജനെ നിയമിക്കുന്നത്. കാലാവധി പൂര്‍ത്തിയാക്കിയ രഘുറാം രാജനെ തത്സ്ഥാനത്ത് തുടരാന്‍ സര്‍ക്കാര്‍ ക്ഷണിക്കാതിരുന്നത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *