കോഴിക്കോട്: സംസ്ഥാനത്ത് ശക്തമായ മഴയിൽ വടക്കൻ കേരളത്തിൽ വ്യാപക നാശം. കോഴിക്കോട് കുറ്റ്യാടി ചുരത്തിൽ മണ്ണിടിഞ്ഞു. ഗതാഗതം പൂർണമായും തടസപ്പെട്ടു. കോഴിക്കോട് മരുതോങ്കര പഞ്ചായത്തിലെ തൃക്കന്തോട് ഉരുൾപൊട്ടി. ഉരുൾപൊട്ടലുണ്ടായത് ജനവാസമേഖലയിൽ അല്ലാത്തതിനാൽ വൻ അപകടം ഒഴിവായി.
പുല്ലുവ പുഴയിൽ ജലനിരപ്പ് ഉയർന്നു. കാസർകോട് ചെറുവത്തൂരിൽ കുളങ്ങാട് മലയിൽ മണ്ണിടിച്ചിൽ ഉണ്ടായി. മുൻപ് വിള്ളലുണ്ടായ ഭാഗമാണ് ഇടിഞ്ഞത്. താഴ്ഭാഗത്ത് താമസിക്കുന്ന 15 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. ശക്തമായ മഴയെ തുടർന്ന് തൊട്ടിൽപ്പാലം പുഴയിൽ മഴവെള്ളപ്പാച്ചിലുണ്ടായി. ദേശീയപാത കോഴിക്കോട് കൊല്ലഗൽ റോഡിൽ വെള്ളം കയറി.
കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. നാളെ കണ്ണൂർ, കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
മഞ്ഞ അലർട്ട്
17/07/2025: ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം.
18/07/2025: ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
