തിരുവനന്തപുരം: ആഴ്ചയില്‍ 7 ദിവസവും കേരളത്തില്‍ ലോട്ടറി നറുക്കെടുപ്പുണ്ട്. കേരള ഭാഗ്യക്കുറി വകുപ്പാണിത് സംഘടിപ്പിക്കുന്നത്. എല്ലാ ലോട്ടറികളുടെയും ഒന്നാം സമ്മാനം ഒരു കോടി രൂപയുമാണ്. അതേസമയം ഓണം, വിഷു, ക്രിസ്മസ്, സമ്മര്‍ ബമ്പര്‍ ലോട്ടറികള്‍ക്ക് 10 മുതല്‍ 25 കോടി വരെ സമ്മാനത്തുകയുണ്ട്. അതേസമയം ലക്ഷക്കണക്കിന് ലോട്ടറികളാണ് പ്രതിദിനം സംസ്ഥാനത്ത് ചെലവഴിക്കപ്പെടുന്നതും.
അങ്ങനെയെങ്കില്‍ ഇതില്‍ നിന്ന് സര്‍ക്കാരിന് ഓരോ വര്‍ഷവും ലഭിക്കുന്ന ലാഭം എത്രയാണെന്നറിയാം. ലോട്ടറിയില്‍ നിന്ന് ലഭിക്കുന്ന വന്‍ വരുമാനമാണ് സര്‍ക്കാരിനെ തുണയ്ക്കുന്നതെന്ന പ്രചരണം ഏറെക്കാലമായുണ്ട്. എന്നാല്‍ പറയപ്പെടുന്ന അത്രയും വലിയ ലാഭം ലോട്ടറി വില്‍പ്പനയില്‍ നിന്ന് ഉണ്ടാകുന്നില്ലെന്നതാണ് പുറത്തുവന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ലോട്ടറിയില്‍ നിന്ന് ഒരു വര്‍ഷം 1022 കോടി രൂപ മാത്രമാണ് ലാഭമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറയുന്നു. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ലോട്ടറിയില്‍ നിന്ന് ആകെ വരുമാനം 13,244 കോടി രൂപയാണ്. എന്നാല്‍ മൊത്തം ചെലവ് 12,222 കോടി രൂപയായിരുന്നു. അത്തരത്തില്‍ ലാഭം വെറും 1022 കോടി രൂപയാണെന്ന് മന്ത്രി വ്യക്തമാക്കുന്നു.
സമ്മാനത്തുക നല്‍കല്‍, ലോട്ടറിയുടെ അച്ചടിത്തുക, വകുപ്പിലെ അഞ്ഞൂറിലേറെ വരുന്ന ജീവനക്കാരുടെ ശമ്പളം എന്നിവയാണ് ചെലവുയര്‍ത്തുന്നത്. സംസ്ഥാനത്തിന്റെ മൊത്തം തനത് വരുമാനത്തിന്റെ വെറും ഒരു ശതമാനം മാത്രമാണ് ലോട്ടറിയില്‍ നിന്ന് ലഭിക്കുന്നതെന്നും മന്ത്രി വിശദീകരിക്കുന്നു. അതായത് ലോട്ടറിയില്‍ നിന്ന് ലഭിക്കുന്ന വരുമാനം, സര്‍ക്കാരിന്റെ മൊത്തം വരുമാനത്തിന്റെ അരശതമാനം പോലും വരില്ലെന്നാണ് ധനമന്ത്രി വിശദീകരിക്കുന്നത്.
