വി.എസ്. അച്യുതാനന്ദന്‍ (101) വിടവാങ്ങി. തിരുവനന്തപുരത്തെ എസ്.യു.ടി. ആശുപത്രിയിൽ ഇന്ന് ഉച്ചയ്ക്ക് 3.20-ഓടെയായിരുന്നു അന്ത്യം. വിപ്ലവ കേരളത്തിന്റെ രക്തതാരകമാണ് വിടവാങ്ങിയത്.
വി.എസിന്റെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. മുഖ്യമന്ത്രിയോടൊപ്പം സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, എസ്.ആർ.പി., മന്ത്രി കെ.എൻ. ബാലഗോപാൽ, ആരോഗ്യമന്ത്രി വീണാ ജോർജ് എന്നിവരും ആശുപത്രിയിലെത്തി. വി.എസിനെ ചികിത്സിക്കുന്ന ഡോക്ടർമാരുമായും ബന്ധുക്കളുമായും മുഖ്യമന്ത്രിയും സംഘവും കൂടിക്കാഴ്ച നടത്തി ആരോഗ്യനിലയെക്കുറിച്ച് വിശദീകരണം തേടിയിരുന്നു. രക്തസമ്മർദ്ദത്തിൽ വലിയ കുറവുണ്ടായതായി ഡോക്ടർമാർ അറിയിച്ചിരുന്നു.
വി.എസിന്റെ ഭൗതികദേഹം എ.കെ.ജി. സെന്ററിലേക്ക് കൊണ്ടുവരും. രാത്രിയോടെ ഭൗതികദേഹം തിരുവനന്തപുരത്തെ വസതിയിലെത്തിക്കും. നാളെ രാവിലെ ദർബാർ ഹാളിൽ പൊതുദർശനത്തിന് വെക്കും. അതിനുശേഷം ദേശീയപാത വഴി രാത്രിയോടെ ആലപ്പുഴയിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തിക്കും. ബുധനാഴ്ച രാവിലെ പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വെച്ച ശേഷം ഉച്ചകഴിഞ്ഞ് ആലപ്പുഴ വലിയ ചുടുകാട്ടിൽ വെച്ച് ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടക്കും.
ദീര്‍ഘകാലമായി വിശ്രമജീവിതത്തിലായിരുന്നു. മുന്‍ മുഖ്യമന്ത്രിയും സിപിഎമ്മിന്‍റെ സ്ഥാപകനേതാവുമാണ് . മൂന്നുതവണ പ്രതിപക്ഷനേതാവായും സിപിഎം സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ഭരണപരിഷ്കാര കമ്മിഷന്‍റെ ആദ്യ അധ്യക്ഷനാണ്. അമ്പലപ്പുഴ, മാരാരിക്കുളം, മലമ്പുഴ എന്നിവിടങ്ങളില്‍ നിന്നായി ഏഴുതവണ എംഎല്‍എയായി. കേരളത്തെ ഇത്രനാള്‍ കണ്ണും കാതും നല്‍കി കാത്തുസൂക്ഷിച്ച ജനനേതാവാണ് വി.എസ്. അച്യുതാനന്ദന്‍. മലയാളിയുടെ ജീവിതത്തിലും സാമൂഹിക ചുറ്റുപാടുകളിലും ഇതുപോലെ ഇടപെട്ട മറ്റൊരു നേതാവില്ല. രാഷ്ട്രീയപ്രവര്‍ത്തനം ശരികള്‍ക്കുവേണ്ടിയുള്ള പോരാട്ടമാക്കിയവരിലെ അവസാനകണ്ണികളിലൊരാള്‍. നികത്താനാവാത്ത വലിയ ശൂന്യത അവശേഷിപ്പിച്ചാണ് വി.എസ് യാത്രയാകുന്നത്.

