VS Achuthanandan Dies: തിരുവനന്തപുരം: സി.പി.എം. സ്ഥാപകനേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു. തന്റെ ദീർഘകാല പൊതുജീവിതത്തിൽ, പ്രത്യേകിച്ച് അരികുവൽക്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിനായി അദ്ദേഹം പ്രവർത്തിക്കുകയും കേരളത്തിന്റെ വികസനത്തിന് സംഭാവന നൽകുകയും ചെയ്‌തെന്ന് രാഷ്ട്രപതി പറഞ്ഞു.
കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചനമറിയിക്കുന്നു. തന്റെ ദീർഘകാല പൊതുജീവിതത്തിൽ, പ്രത്യേകിച്ച് അരികുവൽക്കരിക്കപ്പെട്ടവരുടെ ക്ഷേമത്തിനായി അദ്ദേഹം പ്രവർത്തിക്കുകയും കേരളത്തിന്റെ വികസനത്തിന് സംഭാവന നൽകുകയും ചെയ്തു. അദ്ദേഹത്തിന്റെ കുടുംബത്തിനോടും അണികളോടും എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു- രാഷ്ട്രപതി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയും വി.എസിന്റെ വിയോഗത്തിൽ അനുശോചിച്ചു. കേരളത്തിന്റെ പുരോഗതിക്ക് വേണ്ടിയും പൊതുപ്രവർത്തനത്തിനു വേണ്ടിയും ജീവിതം മാറ്റിവെച്ച വ്യക്തിയെന്ന് വിഎസിനെ കുറിച്ച് പ്രധാനമന്ത്രി അനുസ്മരിച്ചു. ഇരുവരും മുഖ്യമന്ത്രിമാരായിരുന്ന കാലത്തെ കൂടിക്കാഴ്ചകൾ ഓർത്തെടുത്ത്, അന്നത്തെ ചിത്രം സഹിതമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരണ കുറിപ്പ് രേഖപ്പെടുത്തിയത്.
തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് വിഎസിന്റെ 3.20നാണ് മരണം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ് യു ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ആണ് മരണം.
തിരുവനന്തപുരത്ത് ഇന്ന് രാത്രി മുതൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. ശേഷം നാളെ രാവിലെ ഒൻപത് മണി മുതൽ തിരുവനന്തപുരം ദർബാർ ഹാളിൽ പൊതുദർശനം ഉണ്ടാകും. ഉച്ചയ്ക്ക് ശേഷം നാഷണൽ ഹൈവേ വഴി ആലപ്പുഴയിലേക്ക് തിരിക്കും. ബുധനാഴ്ച രാവിലെ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. തുടർന്ന് പോലീസ് ഗ്രൗണ്ടിലും മൃതദേഹം പൊതുദർശനത്തിന് വെക്കും. വൈകിട്ട് നാലുമണിക്ക് പുന്നപ്ര വലിയചുടുകാടിൽ വി എസിന്റെ മൃതദേഹം സംസ്‌കരിക്കും.

