വിഎസിനെ കാണാൻ ആയിരങ്ങൾ; തിരുവനന്തപുരത്ത് ഇന്ന് പൊതുദർശനം, ഉച്ചയ്ക്ക് വിലാപയാത്രയായി ആലപ്പുഴയിലേക്ക്

തിരുവനന്തപുരം: അന്തരിച്ച മുൻമുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ്.അച്യുതാനന്ദന്റെ ഭൗതിക ശരീരം ഇന്ന് പൊതുദർശനത്തിന് വയ്ക്കും. രാവിലെ  ദർബാർ ഹാളിലാണ് പൊതുദർശനം. ഉച്ചകഴിഞ്ഞ് ദേശീയപാതയിലൂടെ വിലാപയാത്രയായി ഭൗതിക ശരീരം ആലപ്പുഴയിലെ വീട്ടിലേക്ക് കൊണ്ടുപോകും. തുടർന്ന് ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. ബുധനാഴ്ച രാവിലെ ആലപ്പുഴയിലെ ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദര്‍ശനത്തിന് വയ്ക്കും. വൈകീട്ടോടെ വലിയ ചുടുകാട്ടില്‍ സംസ്‌കാരം നടക്കും.

വിഎസിനോടുള്ള ആദര സൂചകമായി സംസ്ഥാനത്ത് മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്ന് സംസ്ഥാനത്ത് പൊതു അവധിയും പ്രഖ്യാപിച്ചുണ്ട്. സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധി ബാധകമാണ്.

തിങ്കളാഴ്ച വൈകീട്ട് 3.20-ന് പട്ടം എസ്.യു.ടി. ആശുപത്രിയിലായിരുന്നു അന്ത്യം. 102 വയസായിരുന്നു. ഏകദേശം ഒരുമാസത്തോളമായി പട്ടം എസ്.യു.ടി. ആശുപത്രിയിൽ ചികിത്സയിലായിരുന്നു വി.എസ്. തിങ്കളാഴ്ചയോടെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വഷളാവുകയായിരുന്നു.

കേരള രാഷ്ട്രീയത്തിലെ പതിറ്റാണ്ടുകളായി നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വത്തിന്റെ ഉടമയാണ് വിഎസ് എന്ന വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ. 1964-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയിൽ നിന്ന് ഇറങ്ങിപ്പോയി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) രൂപീകരിച്ച 32 നേതാക്കളിൽ ഒരാളായിരുന്നു അച്യുതാനന്ദൻ. 2006 മുതൽ 2011 വരെ കേരള മുഖ്യമന്ത്രിയായും മൂന്ന് തവണ പ്രതിപക്ഷ നേതാവായും അദ്ദേഹം പ്രവർത്തിച്ചു. 1991-1996, 2001-2006, 2011-2016 എന്നീ മൂന്ന് കാലയളവുകളിൽ പ്രതിപക്ഷ നേതാവായും കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്നു.

എട്ട് പതിറ്റാണ്ട് നീണ്ടുനിന്ന രാഷ്ട്രീയ ജീവിതത്തിൽ, അച്യുതാനന്ദൻ അക്ഷീണ പോരാട്ടവീര്യത്തിന്റെ പ്രതീകമായി അറിയപ്പെട്ടു. സ്വാതന്ത്ര്യത്തിനു മുമ്പുള്ള കാലഘട്ടം മുതൽ, അദ്ദേഹത്തിന്റെ കരിയർ ആധുനിക കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ ചരിത്രവുമായി അടുത്ത് ഇഴചേർന്നിരിക്കുന്നു. സമരങ്ങളിലൂടെയും പ്രക്ഷോഭങ്ങളിലൂടെയും രൂപപ്പെട്ട ഒരു രാഷ്ട്രീയക്കാരനായ കമ്മ്യൂണിസ്റ്റ് പ്രതിഭ ഇടതുപക്ഷ പ്രസ്ഥാനത്തിലും സമൂഹത്തിലും വ്യത്യസ്ത പദവികൾ വഹിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *