‘വിഫ’ ചുഴലിക്കാറ്റ് ചക്രവാതച്ചുഴിയാകും; ഈ ജില്ലയിലുളളവ‌‌ർ കരുതിയിരിക്കണം, ശക്തമായ മഴയ്ക്ക് സാദ്ധ്യത

കേരളത്തിൽ വരുന്ന അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിർദ്ദേശം. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പടിഞ്ഞാറൻ പസഫിക് സമുദ്രത്തിൽ രൂപപ്പെട്ട ‘വിഫ’ ചുഴലിക്കാറ്റ് ചക്രവാതച്ചുഴിയായി ദുർബലമായി ഇന്ന് വടക്കൻ ബംഗാൾ ഉൾക്കടലിലേക്കു പ്രവേശിച്ചേക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുടർന്ന് ഇതു ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചേക്കും. ഇന്ന് കാസർകോട്, കണ്ണൂർ ജില്ലകളിലെ തീരങ്ങളിൽ ഉയർന്ന തിരമാലയും ശക്തമായ കടലാക്രമണവും പ്രതീക്ഷിക്കാം.

അതേസമയം, അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിലും ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്ത്‌ ഇന്ന് വൈകുന്നേരം അഞ്ചര മുതൽ ശനിയാഴ്ച രാത്രി എട്ടര വരെ 2.6 മുതൽ 3.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കന്യാകുമാരി തീരത്ത്‌ ഇന്ന് വൈകുന്നേരം അഞ്ചര മുതൽ ശനിയാഴ്ച രാത്രി എട്ടര വരെ 2.5 മുതൽ 2.6 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *