വിനായകനെതിരെ കേസെടുക്കണം; ഡിജിപിയ്ക്ക് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

നടൻ വിനായകനെതിരെ കേസെടുക്കണമെന്ന് യൂത്ത് കോൺഗ്രസ് . വി.എസിനെ അധിക്ഷേപിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ടെന്നും ഗാന്ധി മുതൽ ഉമ്മൻചാണ്ടിവരെയുള്ളവരെ കുറിച്ചും സമാന അധിക്ഷേപം നടത്തിയെന്നും പരാതിയില്‍ പറയുന്നു. യൂത്ത് കോൺഗ്രസ് എറണാകുളം ജില്ല പ്രസിഡൻ്റ് സിജോ ജോസഫാണ് ഡിജിപിക്ക് പരാതി നൽകിയത് .

ഉമ്മ‍ന്‍ചാണ്ടിയുടെ മരണത്തിന് പിന്നാലെ അദ്ദേഹത്തെ അധിക്ഷേപിച്ച് ഫെയ്സ്ബുക് പോസ്റ്റിട്ട നടന്‍ വിനായകന്‍ വി.എസിന്‍റെ മരണത്തിലും സമാനപരാമര്‍ശവുമായി രംഗത്തെത്തിയിരുന്നു. ‘എന്‍റെ തന്തയും ചത്തു, സഖാവ് വി.എസും ചത്തു…’എന്ന് തുടങ്ങുന്ന പോസ്റ്റില്‍ നെഹ്റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, കെ.കരുണാകരന്‍, ജോര്‍ജ് ഈഡന്‍ തുടങ്ങിയവരുടെയെല്ലാം മരണത്തെ ഇത്തരത്തില്‍ വിശേഷിപ്പിക്കുന്നുണ്ട്.

ഉമ്മന്‍ചാണ്ടിയെക്കുറിച്ചുള്ള പരാമര്‍ശം പഴയതിനെക്കാള്‍ കടുത്തതാണ് വി.എസ്.അച്യുതാനന്ദന് അന്ത്യാഭിവാദ്യം അര്‍പ്പിച്ച് തെരുവില്‍ മുദ്രാവാക്യം വിളിച്ചതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് ഹാന്റിലുകളിൽ നിന്ന് വിനായകനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. ഉമ്മന്‍ചാണ്ടിയുടെ വിലാപയാത്രയെക്കുറിച്ച് നടത്തിയ പഴയ പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും അനുകൂലികളും രംഗത്തുവന്നത്. ഇവരുടെ അധിക്ഷേപങ്ങളുടെയും കമന്‍റുകളുടെയും സ്ക്രീന്‍ഷോട്ടുകള്‍ വിനായകന്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് തിരിച്ചടിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *