മുംൈബ∙ പലസ്തീൻ പ്രശ്നത്തിൽ പ്രതിഷേധ റാലിക്ക് അനുമതി നിഷേധിച്ചതു ചോദ്യം ചെയ്ത് സിപിഎം നൽകിയ ഹർജി ബോംബെ ഹൈക്കോടതി തള്ളി. ആയിരക്കണക്കിനു മൈലുകൾ അകലെയുള്ള വിഷയത്തിൽ ഇടപെടുന്നതിനു പകരം രാജ്യത്തെ പ്രശ്നങ്ങൾക്കു പരിഹാരം കാണാനാണ് പാർട്ടി ശ്രദ്ധിക്കേണ്ടതെന്നും കോടതി നിർദേശിച്ചു. ദേശസ്നേഹികളാണെങ്കിൽ മലിനീകരണം, പ്രളയം അടക്കമുള്ള പ്രശ്നങ്ങളിൽ ഇടപെടണം.
രാജ്യത്തോടു സ്നേഹം കാണിക്കൂ. പലസ്തീൻ വിഷയത്തിലെ നിലപാട് രാജ്യത്തിന്റെ വിദേശ ബന്ധങ്ങളെ എങ്ങനെയാണ് ബാധിക്കുന്നതെന്ന് പാർട്ടിക്ക് മനസ്സിലാകുന്നില്ലേയെന്നും കോടതി ചോദിച്ചു. വിദേശ നയത്തിന് എതിരാണെങ്കിൽക്കൂടി പൗരൻമാർക്ക് പ്രതിഷേധിക്കാൻ അവകാശമില്ലേയെന്ന് സിപിഎമ്മിനായി ഹാജരായ മിഹിർ ദേശായ് ആരാഞ്ഞു.
കോടതി നിലപാടിനെ സിപിഎം പൊളിറ്റ് ബ്യൂറോ അപലപിച്ചു. രാഷ്ട്രീയ പാർട്ടിയുടെ അവകാശങ്ങളെക്കുറിച്ചും പലസ്തീനികളോടുള്ള ജനങ്ങളുടെ ഐക്യദാർഢ്യത്തെക്കുറിച്ചും ബെഞ്ചിന് അറിയില്ലെന്നും പക്ഷപാതപരമായ നിലപാടാണെന്നും കുറ്റപ്പെടുത്തി.
വിദേശ നയത്തിനു കോട്ടം തട്ടുമെന്ന് ചൂണ്ടിക്കാട്ടിയാണ് മനുഷ്യാവകാശ കൂട്ടായ്മയായ ഓൾ ഇന്ത്യ പീസ് ആൻഡ് സോളിഡാരിറ്റി ഓർഗനൈസേഷന്റെ നേതൃത്വത്തിൽ കഴിഞ്ഞ മാസം 17ന് നടത്താനിരുന്ന റാലിക്ക് പൊലീസ് അനുമതി നിഷേധിച്ചത്.

