ബസ് യാത്രക്കിടെ പരിചയപ്പെട്ട 15 കാരിയുടെ നഗ്ന ചിത്രങ്ങള്‍ കൈക്കലാക്കുകയും പലവട്ടം ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍. പത്തനംതിട്ട മുസ്‌ലിയാർ കോളജ് പിഓയിൽ മൈലാടുപാറ പള്ളിക്കുഴി ആശാരിപ്പറമ്പിൽ വീട്ടിൽ ദേവദത്തനെയാണ് (19) മലയാലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
ട്യൂഷൻ കഴിഞ്ഞു ബസിൽ വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് പെൺകുട്ടി യുവാവിനെ പരിചയപ്പെടുന്നത്. പിന്നീട് സ്ഥിരമായി ഒരുമിച്ചായി ഇവരുടെ യാത്ര. കോൾ സെന്‍ററില്‍ ജോലിയാണെന്നാണ് ഇയാള്‍ കുട്ടിയോട് പറഞ്ഞിരുന്നത്. കുട്ടി വീട്ടിൽ ഉപയോഗിക്കുന്ന മൊബൈലിൽ ഇൻസ്റ്റാഗ്രാം, സ്നാപ്ചാറ്റ് എന്നിവ ഇന്‍സ്റ്റാള്‍ ചെയ്താണ് ചാറ്റിങ് തുടങ്ങിയത്. ഒക്ടോബറിൽ ചെന്നൈക്ക് പോകുകയാണെന്ന് വ്യക്തമാക്കി ഇയാള്‍കുട്ടിക്കയച്ച സന്ദേശം അമ്മ കണ്ടു. ഈ വിവരം അച്ഛനെ അറിയിച്ചതോടെ യുവാവിനെ വിളിച്ച് താക്കീത് ചെയ്തു.
അതോടെ യുവാവ് പെണ്‍കുട്ടിയെ വിളിക്കുന്നത് നിര്‍ത്തിയെന്നാണ് വീട്ടുകാര്‍ കരുതിയത്. എന്നാല്‍ മൂന്നുമാസത്തേക്ക് ഫോണ്‍ ചെയ്യാതിരുന്ന യുവാവ്, അതിന് ശേഷം വീണ്ടും വീഡിയോ കാൾ ആരംഭിച്ചു. നാട്ടിലെത്തിയശേഷം ജൂൺ 27 ന് ഉച്ചയ്ക്ക് വീട്ടിൽ വിളിച്ചുവരുത്തി ലൈംഗികമായി ഉപയോഗിച്ചു. അതിന് ശേഷം സ്കൂട്ടറിലാണ് കുട്ടിയെ വീട്ടിൽ കൊണ്ടാക്കിയത്. ഈ സംഭവത്തിന് ശേഷം നിരന്തരം പെണ്‍കുട്ടിയോട് നഗ്നചിത്രം ആവശ്യപ്പെടുകയും അത് കൈക്കലാക്കുകയും ചെയ്തു.
പെണ്‍കുട്ടിയുടെ വീട്ടില്‍ ജൂലൈ 11ന് ഒളിച്ചു കയറിയ യുവാവ് കിടപ്പുമുറിയിൽ വച്ച് പലവട്ടം പീഡിപ്പിച്ചു. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയതോടെ ക്ലാസ്സ് ടീച്ചറും തുടർന്ന് പ്രിൻസിപ്പാളും വിവരങ്ങൾ ചോദിച്ചറിഞ്ഞു. ജൂലൈ 21 ന് മാതാപിതാക്കളെ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞു. പിതാവ് യുവാവിനെ വിളിച്ച് കാര്യങ്ങൾ തിരക്കിയപ്പോൾ നിന്‍റെ മോളുടെ നഗ്ന ദൃശ്യം കൈയ്യിലുണ്ടെന്നും, അത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി
മലയാലപ്പുഴ പൊലീസ് വീട്ടിലെത്തിയാണ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. എ എസ് ഐ ജയലക്ഷ്മിയാണ് മൊഴിയെടുത്തത്. പൊലീസ് ഇൻസ്‌പെക്ടർ ബി എസ് ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ വീടിനു സമീപത്തുനിന്നും കസ്റ്റഡിയിലെടുത്തത്. പരിശോധനക്കായി പ്രതിയുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തു. കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കി തെളിവുകൾ ശേഖരിക്കുകയും, പത്തനംതിട്ട ജെ എഫ് എം ഒന്ന് കോടതിയിൽ ഹാജരാക്കി മൊഴി രേഖപ്പെടുത്തുകയും ചെയ്തു. പ്രതിയെയും വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.

