21 കാരന്‍റെ മരണത്തിന് ഇടയാക്കിയ വാഹനാപകട കേസില്‍ അസമീസ് നടി നന്ദിനി കശ്യപ് അറസ്റ്റില്‍. ജൂലൈ 25ന് ദിസ്പുർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ദഖിൻഗാവിലായിരുന്നു വാഹനാപകടം നടന്നത്. സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന പോളിടെക്നിക് വിദ്യാർഥി സമിയുൽ ഹഖിനെയാണ് നടി ഓടിച്ച കാർ ഇടിച്ചത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. യുവാവിനെ ഇടിച്ചിട്ട ശേഷം കാര്‍ നിര്‍ത്താതെ പോയെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
ഗുരുതര പരുക്കേറ്റ ഹഖിനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചിരുന്നില്ല. നാല് ദിവസത്തെ തീവ്രപരിചരണത്തിന് ശേഷം ഹഖ് മരണത്തിന് കീഴടങ്ങി. പിന്നാലെ നടിക്കെതിരെ വലിയ ആരോപണവുമായി ഹഖിന്‍റെ കുടുംബം രംഗത്തെത്തി. ചികില്‍സ സഹായം നല്‍കാമെന്ന് നന്ദിനി വാഗ്ദാനം ചെയ്തിരുന്നവെങ്കിലും തങ്ങള്‍ക്ക് ആവശ്യമുള്ള സമയത്ത് സഹായത്തിനെത്തിയില്ല എന്ന് കുടുംബം ആരോപിച്ചു.
ബുധനാഴ്ച രാത്രിയോടെയാണ് നന്ദിനിയെ അറസ്റ്റ് ചെയ്തത്. കേസിൽ കാംരൂപ് (മെട്രോ) സിജെഎം കോടതി നടിയുടെ ജാമ്യാപേക്ഷ തള്ളി. തുടർന്ന് നന്ദിനി കശ്യപിനെ ബുധനാഴ്ച രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇവരെ പാൻബസാർ വനിതാ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) യുടെ വകുപ്പ് 105 പ്രകാരമാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. നന്ദിനിയുടെ വാഹനവും കസ്റ്റഡയിലെടുത്തു.

