സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് അച്ഛനെ വധിച്ചു; കൊലയാളിയായ ജ്യേഷ്ഠനെ 8വര്‍ഷം കാത്തിരുന്ന് തീര്‍ത്ത് സഹോദരന്‍

പ്രതീകാത്മക എഐ ചിത്രം

അച്ഛനെ കൊന്ന ജ്യേഷ്ഠനെ ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളുമെണ്ണി കാത്തിരുന്ന്  ആസൂത്രിതമായി കൊലപ്പെടുത്തി സഹോദരന്‍. മധ്യപ്രദേശിലെ  ശിവപുരയിലാണ്  സിനിമാകഥയെ വെല്ലുന്ന പ്രതികാരം . കൊലപാതകം  ആസൂത്രണം ചെയ്ത സഹോദരനാകട്ടെ സര്‍വീസിലുള്ളൊരു പൊലീസുകാരനും.  2017-ലാണ് റിട്ട.പോലീസ് ഇന്‍സ്‌പെക്ടറായ ഹനുമാന്‍ സിങ് തോമര്‍ ഗ്വാളിയറിലെ വീട്ടില്‍വെച്ച് കൊല്ലപ്പെടുന്നത്. മുത്തമകന്‍ അജയുമായി കുടുംബ സ്വത്തിനെയും പണത്തെയും ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത് .  അജയ് പിതാവിന്‍റെ തലയിലേക്ക് നാലുതവണയാണ് വെടിയുതിര്‍ത്തത്. തടയാനെത്തിയ  ഇളയമകന്‍ ഭാനു തോമറിനും വെടിയേറ്റു. . തുടർന്ന് നടന്ന വിചാരണയിൽ അജയ്‌ക്കെതിരെ അമ്മ ശകുന്തള ദേവിയും, ഭാനുവും മൊഴി നൽകി.‌  കൊലപാതകക്കുറ്റം തെളിഞ്ഞതിനെ തുടര്‍ന്ന് പ്രതിയെ‌  ജീവപര്യന്തം തടവിന് ശിക്ഷിച്ചു.

അച്ഛന്‍റെ മരണത്തോടെ ആശ്രിതനിയമ‌നമെന്ന രീതിയില്‍ മകന്‍ ഭാനു തോമറിന് പോലീസില്‍ ജോലി ലഭിച്ചു. തന്‍റെ കണ്‍മുന്നില്‍ അച്ഛനെ കൊലപ്പെടുത്തിയ ജ്യേഷ്ഠനോടുള്ള പക  പക്ഷേ ഭാനുവിന് അടങ്ങിയില്ല . നാളുകളെണ്ണി അയാള്‍ കാത്തിരുന്നു .ഇതിനിടെ  അജയ് പരോളില്‍ പുറത്തുവന്നു.  കൂട്ടബലാല്‍സംഗക്കേസില്‍ പ്രതിയായി  ഇന്‍ഡോറിലെ ഒരു ജുവനൈല്‍ ഹോമില്‍ കഴിയവേ ഒളിച്ചോടിയ പതിനേഴുകാരിയുമായി  അജയ് അടുപ്പത്തിലുമായി .  പെണ്‍കുട്ടിക്കൊപ്പം ശിവപുരയില്‍ നിന്ന് ഗ്വാളിയോറിലേക്ക് അജയ്  കാറില്‍ യാത്രചെയ്യുമ്പോഴാണ് നാടകീയമായ സംഭവവികാസങ്ങളുണ്ടായത് . യാത്രാമധ്യേ നയാഗാവ് തിരാഹയിലെ ഒരു പെട്രോള്‍ പമ്പിന് സമീപംവെച്ച്, ശുചിമുറിയില്‍ പോകാന്‍ വണ്ടി നിര്‍ത്തണമെന്ന് പെണ്‍കുട്ടി  അജയ്യോട്  ആവശ്യപ്പെട്ടു. പെണ്‍കുട്ടി പുറത്തിറങ്ങി ശുചിമുറിയിലേക്ക് നീങ്ങിയതിന് പിന്നാലെ  അക്രമിസംഘം കാര്‍ വളയുകയും  തുരുതുരാ വെടിയുതിര്‍ക്കുകയും ചെയ്തു. കാറില്‍വച്ചുതന്നെ അജയ് കൊല്ലപ്പെട്ടു. കുടുംബം അജയ്യുടെ മൃതദേഹം ഏറ്റെടുക്കുകയും സഹോദരന്‍ ഭാനുവിന്‍റെ നേതൃത്വത്തില്‍ സംസ്കാര ചടങ്ങുകള്‍ നടത്തുകയും ചെയ്തു.  മൂന്ന് ദിവസത്തിന് ശേഷം ഭാനു ആരുമറിയാതെ ബാങ്കോക്കിലേക്ക് പോയി.

പരോളിലിറങ്ങിയ അജയ്യുടെ കൊലപാതകം  പൊലീസിനൊരു വെല്ലുവിളിതന്നെയായിരുന്നു.  പെണ്‍കുട്ടിക്കൊപ്പം അജയ്  സഞ്ചരിച്ച ശിവപുര ഗ്വാളിയോര്‍ റൂട്ടിലെ 500 സിസിടിവി ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഈ കേസില്‍ നിര്‍ണായകമായത്. അതില്‍ ഒരു ക്യാമറയില്‍ പെണ്‍കുട്ടി മറ്റൊരു കാറില്‍ നിന്ന് ഇറങ്ങുന്ന ദൃശ്യങ്ങളുണ്ട്. വിശദമായ പരിശോധനയില്‍ കാര്‍ ഭാനുവിന്‍റേതാണെന്ന് തെളിഞ്ഞു. കൊലനടത്തിയ വാടകക്കൊലയാളി സംഘത്തില്‍ കൊടുംകുറ്റവാളിയായ ധര്‍മേന്ദ്ര കുശ്വാഹയുണ്ടെന്നും അന്വേണത്തില്‍ വ്യക്തമായി . ഭാനു ആസുത്രണം ചെയ്ത കൊലപാതകമാണിതെന്ന് മൊഴികളും തെളിവുകളും പരിശോധിച്ചില്‍ നിന്ന് പൊലീസിന് ബോധ്യപ്പെട്ടു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇപ്രകാരമാണ്. പൊലീസില്‍ ജോലി ലഭിച്ചെങ്കിലും ഭാനുവിന്‍റെ മനസില്‍ അച്ഛന്‍റെ കൊലയാളിയോടുള്ള പകയായിരുന്നു. നാളുകളെണ്ണി അയാള്‍ കാത്തിരുന്നു. ഇതിനിടെയാണ്  അജയ് പരോളിലിറങ്ങുന്നത് . അജയ് സൗഹൃദത്തിലാകുന്ന17കാരിയെ ഭാനു നിയോഗിച്ചതായിരുന്നു. അവള്‍ തന്ത്രപൂര്‍വം  അജയ്യെ വശത്താക്കി.  ‌ കൊലപാതകക്കേസില്‍ ശിക്ഷകഴിഞ്ഞ് അടുത്തിടെ ജയില്‍ മോചിതനായ കൊടുംകുറ്റവാളി  ധര്‍മ്മേന്ദ്ര കുശ്വാഹയെയെയും ഈ ഘട്ടത്തില്‍ പണം കൊടുത്ത് ഭാനു വശത്താക്കിയിരുന്നു . തുടര്‍ന്നാണ് കൊലപാതകം ആസുത്രണം ചെയ്തത്. ഭാനുവിന്‍റെ പ്രതികാരപദ്ധതികള്‍ അറിയാതെ അജയ് അയാളുടെ വലയിലേക്ക് വന്നുവീഴുകയായിരുന്നു. ഭാനുവിന്‍റെ നിര്‍ദേശ പ്രകാരമാണ്  ശിവപുരയില്‍ നിന്ന് അജയ്്യെ  പെണ്‍കുട്ടി  ഗ്വാളിയോറിലേക്ക് കൂട്ടിക്കൊണ്ടുപോയത് .  ഇവരെ പിന്തുടര്‍ന്ന് കൊലയാളി സംഘവുമുണ്ടായിരുന്നു. സൗകര്യപ്രദമായ സ്ഥലത്തെത്തിയപ്പോള്‍ പെണ്‍കുട്ടി ശുചിമുറിയില്‍ പോകാന്‍ ഇറങ്ങിയത് കൊലയാളികള്‍ക്കുള്ള സൂചനയായിരുന്നു. ഈ അവസരം  കൊലയാളി സംഘം വിനിയോഗിക്കുകും  അജയ് കൊലപ്പെടുത്തുകയും ചെയ്തു.

ഗൂഢാലോചനയില്‍ പങ്കാളിയായിരുന്ന ധര്‍മേന്ദ്രയെയും ഭാനുവിന്‍റെ ബന്ധു മോനേഷിനെയും താമസിയാതെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെയും കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് ഉപയോഗിച്ച  പിസ്റ്റളും ഭാനു തോമറിനെ കുറ്റകൃത്യവുമായി ബന്ധിപ്പിക്കുന്ന മറ്റ് തെളിവുകളും പോലീസ് കണ്ടെത്തിയതും നിര്‍ണായകമായി. കേസില്‍ ഭാനു അങ്ങിനെ പ്രധാനപ്രതിയായി, ഇപ്പോള്‍ ബാങ്കോക്കിലുള്ള ഭാനു തോമറിനെ തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുകയാണ് പോലീസ്. ഭാനുവിനായി ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. പ്രതിയെ തിരികെ കൊണ്ടുവരാന്‍ പാസ്പോര്‍ട്ട് സംബന്ധിച്ച വിവരം വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ടെന്നും ശിവപുരി പോലീസ് സൂപ്രണ്ട് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *