സിനിമയ്ക്കുള്ളിലെ സ്ത്രീ വിരുദ്ധമായ ഡയലോഗുകളുടെ പേരില്‍ താന്‍ മാപ്പു പറയാനില്ലെന്ന് സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്. നിലവില്‍ മാപ്പു പറയേണ്ട സാഹചര്യമൊന്നുമില്ലെന്നും അത് ഒരു പ്രത്യേക കഥാപാത്രത്തിന്റെ സ്വഭാവം മാത്രമായിരിക്കുമെന്നും അല്ലാതെ സ്ത്രീവിരുദ്ധതയുടെ പട്ടികയിലുള്‍പ്പെടുത്താനാവില്ലെന്നും രഞ്ജിത് ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തില്‍ വെളിപ്പെടുത്തി.

‘ഞാന്‍ മനുഷ്യരെ സ്ത്രീയെന്നോ പുരുഷനെന്നോ വേര്‍തിരിച്ചു കാണാറില്ല. കഥാപാത്രങ്ങള്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് എന്ത് സംസാരിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം എഴുത്തുകാരന്റേതാണ്. എന്നാല്‍ ക്രൂരനായ അല്ലെങ്കില്‍ സ്ത്രീവിരുദ്ധനായ കഥാപാത്രമാണ് ശരിയെന്ന് സിനിമയിലൂടെ പറയാന്‍ ശ്രമിച്ചാല്‍ അതിനെതിരെ പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം പ്രേക്ഷകര്‍ക്കുണ്ട്.’ രഞ്ജിത് പറഞ്ഞു. നടി പാര്‍വതി പറഞ്ഞത് പാര്‍വതിയുടെ അഭിപ്രായമാണെന്നും അതിന്റെ പേരില്‍ പാര്‍വതിയെ കല്ലെറിയുന്നതിനോട് യോജിക്കാനാകുന്നില്ലെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

‘എടി ഞാന്‍ കാഞ്ഞിരപ്പിളളി നസ്രാണിയാ എനിക്കറിയാം എന്റെ പെണ്ണിനെ എങ്ങനെ നിര്‍ത്തണമെന്ന്’, എന്ന് പത്മരാജന്റെ കൂടെവിടെയിലെ കഥാപാത്രം പറഞ്ഞപ്പോള്‍ പത്മരാജനെതിരെ പ്രതിഷേധമുണ്ടായില്ല കാരണം പത്മരാജനല്ല സിനിമയിലെ കഥാപാത്രമാണ് സംസാരിച്ചതെന്ന് എല്ലാവര്‍ക്കും ബോധ്യമുണ്ടായിരുന്നത് കൊണ്ടാണ്. എന്റെ തന്നെ ചിത്രത്തില്‍ മുന്‍ഭാര്യയോട് ‘ഞാന്‍ കളളുകുടി നിര്‍ത്തിയത് നന്നായി അല്ലേല്‍ ഞാന്‍ നിന്നെ ബലാത്സംഗം ചെയ്‌തേനെ’ എന്ന് നായകന്‍ പറയുന്നത് ചൂണ്ടിക്കാട്ടി കഥാകൃത്തിനോട് കലഹിക്കുന്നത് തികച്ചും ബാലിശമല്ലേ’ രഞ്ജിത് ചോദിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *