കോവൂർ – ഇരിങ്ങാടൻപള്ളി റോഡിൽ വീണ്ടും ബൈക്ക് ‘അഭ്യാസം’; അഗ്നിശമന സേനയുടെ വാഹനത്തെ  തടസ്സപ്പെടുത്തി

ഫയൽ ഫോട്ടോ

കോഴിക്കോട്∙ കോവൂർ – ഇരിങ്ങാടൻപള്ളി റോഡിൽ തട്ടുകടയിൽ എത്തിയ യുവാവും യുവതിയും അഗ്നിശമന സേനയുടെ വാഹനത്തിനു മുന്നിൽ തടസ്സം നിന്നു. പരിസരത്തുള്ളവർ എത്തിയപ്പോഴേക്കും ബൈക്കുമായി യുവാവ് കടന്നു കളഞ്ഞു. ഇതിനിടയിൽ നാട്ടുകാർ ബൈക്കിന്റെ ഫോട്ടോ ചിത്രീകരിച്ചെങ്കിലും വാഹനത്തിനു നമ്പർ ഇല്ലാത്തതിനാൽ പിടികൂടാൻ കഴിഞ്ഞില്ല. ഇന്നലെ രാത്രി 11.20 ആണ് സംഭവം.

വെള്ളിമാടുകുന്ന് ഫയർ ആൻഡ് റസ്ക്യു ഓഫിസിൽ നിന്നു തൊണ്ടയാട് ഭാഗത്തേക്ക് അടിയന്തരമായി പോയ സേനയുടെ വാഹനത്തിനു മുന്നിലാണ് കോവൂർ റോഡിൽ യുവാവ് അഭ്യാസം കാണിച്ചു തടസ്സം നിന്നത്. സേനയുടെ വാഹനം നിർത്തിയതോടെ പരിസരത്തുള്ളവർ കൂടി ഈ സമയം ബൈക്കുമായി യുവാവ് കടന്നുകളയുകയായിരുന്നു. നാട്ടുകാർ വിവരം നൽകിയതിനെത്തുടർന്നു പൊലീസ് എത്തി ബൈക്കിനായി തിരച്ചിൽ നടത്തുന്നുണ്ട്. 6 മാസം മുൻപ് കോവൂർ – ഇരിങ്ങാടൻപള്ളി റോഡിൽ തട്ടുകടകളിൽ എത്തുന്ന യുവാക്കൾ റോഡിൽ ഗതാഗത തടസ്സം ഉണ്ടാക്കുകയും പരിസരത്തുള്ളവർക്ക് ശല്യമുണ്ടാക്കുകയും ചെയ്തതിനെത്തുടർന്നു  നാട്ടുകാർ സംഘടിച്ചു തട്ടുകടകൾ അടപ്പിച്ചിരുന്നു. തുടർന്നു പൊലീസ് ഇടപെട്ട് കടകൾ രാത്രി 10 വരെ മാത്രമായി നിയന്ത്രിച്ചു. പിന്നീട് ഈ ഭാഗത്തെ 36 തട്ടുകടകളിൽ പലതും പൂട്ടി. അടുത്ത കാലത്താണ് വീണ്ടും സജീവമായത്.

Leave a Reply

Your email address will not be published. Required fields are marked *