ഒന്നേകാല്‍ വയസ്സുമാത്രം പ്രായമുള്ള കുഞ്ഞിന് ഡേ കെയറില്‍ നേരിടേണ്ടി വന്നത് അതിക്രൂരമായ ഉപദ്രവം. കുഞ്ഞിനെ ഡേ കെയറില്‍ വച്ച് ഒരു പെണ്‍കുട്ടി ഉപദ്രവിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കുഞ്ഞിനെ പെണ്‍കുട്ടി അടിക്കുകയും കടിച്ചുപറിക്കുകയും തറയിലേക്ക് വലിച്ചെറിയുകയുമൊക്കെ ചെയ്യുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. പ്ലാസ്റ്റിക് ബാറ്റ് കൊണ്ടടക്കം കുഞ്ഞിനെ തല്ലുന്നുണ്ട്. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം.
ആഗസ്റ്റ് നാലിനാണ് സംഭവം നടന്നത്. അന്ന് പതിവുപോലെ കുഞ്ഞിനെ ഡേ കെയറിലാക്കി അമ്മ ജോലിക്ക് പോയി. വൈകിട്ട് കുഞ്ഞിനെ തിരികെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നതും അമ്മയാണ്. എന്നാല്‍ അസാധാരണമായി കുഞ്ഞ് കരഞ്ഞുകൊണ്ടേയിരുന്നതില്‍ സംശയം തോന്നി. കുഞ്ഞിന്‍റെ വസ്ത്രം മാറ്റിയപ്പോള്‍ കണ്ടത് ദേഹമാസകലം അടികൊണ്ട പാടുകളും ചതവുകളുമാണ്. ഇതോടെ ഡേ കെയറിലെത്തി കാര്യം ചോദിച്ചു. സിസിടിവി പരിശോധിച്ചപ്പോള്‍ കണ്ട ദൃശ്യങ്ങള്‍ ഉള്ളുലയ്ക്കുന്നതായിരുന്നു.
കരയുന്ന കുഞ്ഞിനെ പെണ്‍കുട്ടി ആശ്വസിപ്പിക്കാന്‍ നോക്കുന്നുണ്ട്. എന്നാല്‍ കുഞ്ഞ് കരച്ചില്‍ നിര്‍ത്താതെ വന്നപ്പോള്‍ ദേഷ്യപ്പെട്ട് പെണ്‍കുട്ടി കുഞ്ഞിനെ തറയിലേക്ക് വലിച്ചെറിയുകയാണ്. തറയില്‍ വീണുകിടക്കുന്ന കുഞ്ഞിനെ പലവട്ടം തല്ലി. കുഞ്ഞ് കരച്ചില്‍ നിര്‍ത്താത്തതുകൊണ്ട് വീണ്ടും ഉപദ്രവം തുടര്‍ന്നു. ഇതൊക്കെ അറിഞ്ഞിട്ടും ഡേ കെയര്‍ നടത്തിപ്പുകാര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല എന്ന പരാതിയാണ് മാതാപിതാക്കള്‍ക്കുള്ളത്. മാത്രമല്ല കുഞ്ഞിനെ ഉപദ്രവിച്ച പെണ്‍കുട്ടിയും ഡേ കെയര്‍ നടത്തിപ്പുകാരും തങ്ങളോട് മോശമായ ഭാഷയിലാണ് പ്രതികരിച്ചതെന്നും ഭീഷണിപ്പെടുത്തിയതായും മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി.
പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയാണ് ഡേ കെയറില്‍ വച്ച് കുഞ്ഞിനെ ഉപദ്രവിച്ചത്. ആ പെണ്‍കുട്ടിക്ക് കുഞ്ഞിനോട് സ്നേഹമാണ്. സ്നേഹം കൊണ്ട് ചെയ്തുപോയതാണിതൊക്കെ എന്ന വിചിത്രവാദമാണ് ആദ്യം ഡേ കെയറിന്‍റെ ഭാഗത്തുനിന്നുണ്ടായത്. എന്നാല്‍ മാതാപിതാക്കള്‍ പൊലീസ് കേസുമായി മുന്നോട്ടുനീങ്ങി. കുഞ്ഞിനെ മെഡിക്കല്‍ പരിശോധനയ്ക്ക് എത്തിച്ചപ്പോള്‍ മര്‍ദനം നടന്നതായി ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കി. ഇതോടെ കേസ് ബലപ്പെട്ടു.

