മുംബൈ∙ മഹാരാഷ്ട്രയിൽ സെക്സ് റാക്കറ്റിൽനിന്ന് രക്ഷപ്പെടുത്തിയ 14 വയസ്സുകാരിയായ ബംഗ്ലദേശി പെൺകുട്ടിയെ മൂന്ന് മാസത്തിനുള്ളിൽ ലൈംഗികമായി പീഡിപ്പിച്ചത് 200 പുരുഷന്മാർ. പെൺകുട്ടിയെ പ്രായപൂർത്തിയാക്കുന്നതിനായി ലഹരിമരുന്നുകളും ഹോർമോണുകളും കുത്തിവച്ചിരുന്നെന്നും പെൺകുട്ടി പൊലീസിനോട് വെളിപ്പെടുത്തി. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ നിന്നാണ് പെൺകുട്ടിയെ പൊലീസും മനുഷ്യാവകാശ പ്രവർത്തകരും ചേർന്ന് രക്ഷപ്പെടുത്തിയത്

സ്കൂളിൽ ഒരു വിഷയത്തിൽ തോറ്റതിനെ തുടർന്നാണ് ബംഗ്ലദേശിലെ വീട്ടിൽ നിന്ന് പെൺകുട്ടി ഒളിച്ചോടിയത്. തുടർന്ന് സെക്സ് റാക്കറ്റിന്റെ കയ്യിൽ അകപ്പെടുകയായിരുന്നു. മൂന്ന് മാസത്തിനുള്ളിൽ 200 പുരുഷന്മാർ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും പതിനാലുകാരി പറയുന്നു. പെൺകുട്ടിയുടെ മൊഴി പരിശോധിച്ചു വരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മഹാരാഷ്ട്ര പൊലീസിന്റെ മനുഷ്യക്കടത്ത് വിരുദ്ധ യൂണിറ്റ്, എക്സോഡസ് റോഡ് ഇന്ത്യ ഫൗണ്ടേഷൻ, ഹാർമണി ഫൗണ്ടേഷൻ എന്നീ എൻ‌ജി‌ഒകളും സംയുക്തമായാണ് രഹസ്യ ഓപ്പറേഷനിലൂടെയാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്.

ഗുജറാത്തിലെ നാദിയാദിലേക്കാണ് ആദ്യം തന്നെ കടത്തിയതെന്നും അവിടെ വച്ച് ആദ്യത്തെ പീഡനം നടന്നെന്നുമാണ് ഇരയായ 14 വയസ്സുകാരി പറഞ്ഞത്. ഇത്തരത്തിൽ നിരവധി സംഭവങ്ങൾ അടുത്തിടെയായി മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് മനുഷ്യാവകാശ പ്രവർത്തകർ പറയുന്നത്. അറസ്റ്റിലായ പ്രധാന പ്രതി മുഹമ്മദ് ഖാലിദ് അബ്ദുൾ ബാപാരി (33) ആണ് ഇരകളെ വിവിധ നഗരങ്ങളിലേക്ക് കടത്തിയത്. പോക്സോ, ജുവനൈൽ ജസ്റ്റിസ് നിയമം, എന്നീ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *