കൊച്ചി: കോതമംഗലത്ത് ഇരുപത്തിമൂന്നുകാരി ആത്മഹത്യ ചെയ്ത കേസിൽ ഒന്നാം പ്രതി റമീസിന്റെ മാതാപിതാക്കളെ അറസ്റ്റ് ചെയ്യും. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാകും അറസ്റ്റ് ചെയ്യുക. റമീസിന്റെ മാതാപിതാക്കൾ നിലവിൽ പൊലീസ് നിരീക്ഷണത്തിലാണ്.
അതേസമയം, റിമാൻഡിലുള്ള റമീസിനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങി, ആലുവയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. പെൺകുട്ടി റമീസിന്റെ വീട്ടിലെത്തിയപ്പോൾ അവിടെ ഉണ്ടായിരുന്നവരെയും ചോദ്യം ചെയ്യും.
ആത്മഹത്യയിലേക്ക് നയിച്ചത് റമീസും കുടുംബവും ചേർന്ന് മതപരിവർത്തനത്തിന് നിർബന്ധിച്ചത് കൊണ്ടാണെന്നാണ് പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതി. റമീസ് തർക്കമുണ്ടാക്കിയതിന് പെൺകുട്ടിയുടെ മൊബൈൽ ഫോണിൽ നിന്നും പൊലീസിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്.
കേസിൽ എൻഐഎ അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉറച്ച് നൽക്കുകയാണ് പെൺകുട്ടിയുടെ സഹോദരൻ. മതം മാറ്റത്തിന് പിന്നിൽ ബാഹ്യ ഇടപെടൽ ഉണ്ടോ എന്നതും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. മറ്റു പെൺകുട്ടികളും ചതിക്കപ്പെട്ടോ എന്നതും അന്വേഷിക്കണമെന്ന് സഹോദരൻ പറഞ്ഞു.
പെൺകുട്ടിയുടെ കുടുംബം എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും ഇന്നലെയാണ് കത്തുനൽകിയത്. പൊലീസ് അന്വേഷണത്തിൽ നിസാരവകുപ്പുകൾ മാത്രമാണ് ചുമത്തിയത് എന്നാണ് ആരോപണം. നിർബന്ധിത മതപരിവർത്തനത്തിൽ മതതീവ്രവാദ ഭീകര സംഘടനകളുടെ പങ്കാളിത്തം ഉള്ളതായി സംശയിക്കുന്നതായി കുടുംബം വ്യക്തമാക്കി. മകൾ ആത്മഹത്യ ചെയ്തത് നിർബന്ധിത മതപരിവർത്തനത്തിന്റെ ശ്രമമായെന്നും. എൻഐഎക്ക് കേസ് കൈമാൻ നടപടി സ്വീകരിക്കണമെന്നുമാണ് കത്തിലെ ആവശ്യം.

