‘വിഭജനകാലത്ത് ജനങ്ങള്‍ അനുഭവിച്ച ദുരിതങ്ങളുടെ ഓര്‍മ നാള്‍ കൂടിയാണ് വിഭജന ഭീതി ദിനം, അവരുടെ മനക്കരുത്തിനെ ആദരിക്കാനുള്ള ദിവസം’; പ്രധാനമന്ത്രി

വിഭജനകാലത്ത് ജനങ്ങള്‍ അനുഭവിച്ച ദുരിതങ്ങളുടെ ഓര്‍മ നാള്‍ കൂടിയാണ് വിഭജന ഭീതി ദിനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവരുടെ മനക്കരുത്തിനെ ആദരിക്കാനുള്ള ദിവസമാണിതെന്ന് പ്രധാനമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. നമ്മുടെ ചരിത്രത്തിലെ ദാരുണമായ അധ്യായത്തില്‍ എണ്ണമറ്റ ആളുകള്‍ സഹിച്ച പ്രക്ഷോഭങ്ങളെയും വേദനയെയും അനുസ്മരിച്ചുകൊണ്ടാണ് വിഭജന ഭീതി ദിനം ആചരിക്കുന്നതെന്ന് മോദി കുറിച്ചു.

നമ്മുടെ രാജ്യത്തിന്റെ ഐക്യത്തെ ശക്തിപ്പെടുത്താനുള്ള നമ്മുടെ ഉത്തരവാദിത്തത്തിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ഈ ദിവസമെന്നും പ്രധാനമന്ത്രി കുറിച്ചു. ‘ദുരിതമനുഭവിച്ചവരില്‍ പലരും തങ്ങളുടെ ജീവിതം പുനര്‍നിര്‍മ്മിക്കുന്നതിനും ശ്രദ്ധേയമായ നാഴികക്കല്ലുകള്‍ കൈവരിക്കുന്നതിനും ശ്രമിച്ചു. നമ്മുടെ രാജ്യത്തിന്റെ ഐക്യത്തെ ശക്തിപ്പെടുത്താനുള്ള നമ്മുടെ ഉത്തരവാദിത്തത്തിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ഈ ദിവസം’- പ്രധാനമന്ത്രിയുടെ വാക്കുകൾ

2021ലാണ് നരേന്ദ്ര മോദി ഓഗസ്റ്റ് 14 വിഭജന ഭീതി ദിന’മായി ആചരിക്കാന്‍ ആഹ്വാനം ചെയ്യുന്നത്. തൊട്ടടുത്ത വര്‍ഷം, 2022 മുതല്‍ ഈ ദിനം ആചരിച്ചുതുടങ്ങി. സംസ്ഥാനത്തെ കോളേജുകളില്‍ വിഭജന ഭീതി ദിനാചരണം പാടില്ലെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ കേരള സര്‍വ്വകലാശാലയ്ക്ക് കീഴിലെ കോളേജുകളില്‍ വിഭജന ഭീതി ദിനം ആചരിക്കണമെന്ന് വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ സര്‍ക്കുലര്‍ അയച്ചതോടെ കേരളത്തില്‍ വന്‍ പ്രതിഷേധമാണ് നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *