‘ആണവായുധം കാട്ടി ഇന്ത്യയെ വിരട്ടേണ്ട, രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ല’
ന്യൂഡൽഹി: : എഴുപത്തിയൊമ്പതാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. സ്വാതന്ത്ര്യദിനം അഭിമാനത്തിന്റെ ഉത്സവമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടനയാണ് വഴികാട്ടിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിനെയും അദ്ദേഹം പരാമർശിച്ചു. സൈന്യം ഭീകരർക്ക് ചുട്ടമറുപടി നൽകിയെന്നും സൈന്യത്തിന് സർക്കാർ പൂർണ സ്വാതന്ത്ര്യം നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി.
നവഭാരതം എന്നതാണ് ഇത്തവണത്തെ ആഘോഷങ്ങളുടെ പ്രമേയം. അയ്യായിരത്തോളം അതിഥികളാണ് ചടങ്ങിൽ പങ്കെടുക്കുന്നത്. നേരത്തെ പ്രധാനമന്ത്രി എക്സിലൂടെ സ്വാതന്ത്ര്യദിനാശംസകൾ നേർന്നിരുന്നു. ‘എല്ലാവർക്കും സന്തോഷകരമായ സ്വാതന്ത്ര്യദിനാശംസകൾ. നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിന് കൂടുതൽ കഠിനാദ്ധ്വാനം ചെയ്യാൻ ഈ ദിവസം നമ്മെ പ്രചോദിപ്പിക്കട്ടെ. ജയ് ഹിന്ദ്’- എന്നാണ് അദ്ദേഹം എക്സിൽ കുറിച്ചത്.
പാക്കിസ്ഥാന്റെ ആണവ ഭീഷണി ഇന്ത്യയോടു വേണ്ടെന്ന് ആവർത്തിച്ച മോദി, സിന്ധുനദി ജല കരാറിൽ പുനരാലോചനയില്ലെന്നും രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ലെന്നും ഓർമിപ്പിച്ചു. ഓപ്പറേഷൻ സിന്ദൂർ എന്നത് ഇന്ത്യയുടെ രോഷത്തിന്റെ പ്രകടനമാണെന്നും പ്രതികാരത്തിനുള്ള സമയവും സ്ഥലവും തീരുമാനിച്ച സൈന്യം സങ്കൽപ്പിക്കാനാവാത്ത കാര്യമാണ് രാജ്യത്തിനായി ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ആത്മ നിർഭർ ഭാരത് എന്താണെന്ന് ഓപ്പറേഷൻ സിന്ദൂറിലൂടെ തെളിയിച്ചു. രാജ്യം സ്വയം പര്യാപ്തത നേടി കഴിഞ്ഞു. ഏത് ഭീഷണിയും നേരിടാൻ രാജ്യം തയ്യാറാണ്. ഇന്ത്യയുടെ ആയുധബലം ശത്രുവിനെ അമ്പരപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

