ചരിത്രമെഴുതി താരസംഘടന; ശ്വേത മേനോൻ AMMA പ്രസിഡന്റ്, കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറി

താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി ശ്വേത മേനോൻ. ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത അമ്മ സംഘടനയുടെ പ്രസിഡന്റ് ആകുന്നത്. വിവാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളും സജീവമായ തിരഞ്ഞെടുപ്പിൽ ദേവനെ പരാജയപ്പെടുത്തിയാണ് ശ്വേത മേനോൻ വിജയം നേടിയത്. കുക്കു പരമേശ്വരനാണ് ‘അമ്മ’യുടെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. ട്രഷറർ ആയി ഉണ്ണി ശിവപാൽ തിരഞ്ഞെടുക്കപ്പെട്ടു. ജയൻ ചേർത്തലയും ലക്ഷ്മിപ്രിയയുമാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചു ജയിച്ചത്.

പ്രസിഡന്റ് (ശ്വേത മേനോൻ), വൈസ് പ്രസിഡന്റ് (ലക്ഷ്മിപ്രിയ), ജോയിന്റ് സെക്രട്ടറി (അൻസിബ), ജനറൽ സെക്രട്ടറി (കുക്കു പരമേശ്വരൻ) എന്നിങ്ങനെ സംഘടനയുടെ താക്കോൽ സ്ഥാനങ്ങളിൽ വനിതകൾ എത്തിയതാണ് ഈ വർഷത്തെ തിരഞ്ഞെടുപ്പിനെ സവിശേഷമാക്കുന്നത്.

പിന്തുണച്ച എല്ലാവർക്കും ശ്വേത മേനോൻ നന്ദി പറഞ്ഞു. ‘ഒരു വർഷത്തിൽ രണ്ടു ജനറൽ ബോഡി നടത്തുക എന്നത് ഭയങ്കര ബുദ്ധിമുട്ടുള്ള പരിപാടിയാണ്, ചെലവാണ്. എന്നിട്ടും 298 പേർ വന്നു വോട്ട് ചെയ്തു. അതിന് എല്ലാവർക്കും നന്ദി. ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നതേ ഉള്ളൂ. അമ്മയുടെ തലപ്പത്ത് ഒരു സ്ത്രീ വരണമെന്ന് പറഞ്ഞു. ഇതാ അങ്ങനെ സംഭവിച്ചു. ഇനി മാധ്യമങ്ങളും സംഘടനയിലെ അംഗങ്ങളെ പോലെ എന്നെ പിന്തുണയ്ക്കുമെന്ന് കരുതുന്നു,’ സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം ശ്വേത പറഞ്ഞു.

രയു മോഹൻ, അഞ്ജലി നായർ, ആശ അരവിന്ദ്, നീന കുറുപ്പ്, കൈലാഷ്, സന്തോഷ് കീഴാറ്റൂർ, ടിനി ടോം, ജോയ് മാത്യു, വിനു മോഹൻ, ഡോ. റോണി ഡേവി‍ഡ് രാജ്, സിജോയ് വർഗീസ് എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *