കണ്ണൂര്‍ കുറ്റ്യാറ്റൂരിൽ മരിച്ച പ്രവീണയെ കൊല്ലപ്പെടുത്താനായി ജിജേഷ് വീട്ടിലെത്തിയത് വെള്ളം ചോദിച്ചെന്ന് അയല്‍വാസികള്‍. ഈ സമയം പ്രവീണയുടെ ഭർത്താവിന്‍റെ അച്ഛനും മകളും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. വീടിന്‍റെ അടുക്കള ഭാഗത്തുവച്ചാണ് പ്രവീണയുടെ ദേഹത്ത് പെട്രോളൊഴിച്ചു തീകൊളുത്തുന്നത്. ജിജേഷുമായി പ്രവീണയ്ക്കുള്ള ബന്ധം വ്യക്തമല്ലെന്നും സമീപവാസികള്‍ പറയുന്നു.
ജിജേഷുമായി പ്രവീണയ്ക്കുള്ള ബന്ധം എന്താണെന്ന് ആർക്കും അറിയില്ല’. ഇയാളെ ആദ്യമായിട്ടാണ് കാണുന്നതെന്നും ഇതുവരെ ഈ പ്രദേശത്ത് കണ്ടിട്ടില്ലെന്നും അയൽവാസികൾ പറയുന്നു . വെള്ളം കുടിക്കാനാണെന്ന് പറഞ്ഞിട്ടാണ് അടുക്കള വാതിലിലെത്തിയത്. പ്രവീണയുടെ ഭര്‍ത്താവിന്‍റെ അച്ഛൻ പ്രായമായ മനുഷ്യനാണ്. അദ്ദേഹത്തിനും ആളെ മനസിലായിക്കാണില്ലെന്നും സമീപവാസികള്‍ പറയുന്നു
ഇന്നലെ ഉച്ചയോടെയായിരുന്നു പ്രവീണയ്ക്കു നേരെ ആക്രമണമുണ്ടായത്. പ്രവീണയുടെ ശരീരത്തില്‍ 60 ശതമാനത്തോളം ഭാഗത്ത് പൊള്ളലേറ്റിരുന്നു. അബോധാവസ്ഥയിലാണ് ആശുപത്രിയില്‍ എത്തിച്ചത്. പരിയാരം മെഡിക്കൽ കോളജിൽ അതീവ തീവ്ര പരിചരണ വിഭാഗത്തില്‍ ഗുരുതരമായി തുടരുകയായിരുന്ന പ്രവീണ ഇന്ന് പുലർച്ചെയാണ മരിച്ചത്.
പ്രവീണയുടെ സുഹൃത്തായിരുന്നു ആക്രമണം നടത്തിയ ജിജേഷ് എന്നാണ് പൊലീസ് കരുതുന്നത്. പ്രവീണയെ ആക്രമിക്കാനുള്ള ശ്രമത്തിനിടെ ജിജേഷിനും പൊള്ളലേറ്റിരുന്നു. ഗുരുതരാവസ്ഥയിലാണ് ജിജേഷിനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ ചികില്‍സയില്‍ കഴിയുന്ന ജിജേഷിന്‍റെ മൊഴിയെടുക്കാന്‍ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത് എന്നുള്ളത് ജിജേഷിന്റെ മൊഴിയിലൂടെ മാത്രമേ വ്യക്തമാവുകയുള്ളൂ. പ്രവീണയുടെ ഭര്‍ത്താവ് വിദേശത്താണ്.

