ഇന്ത്യയിൽ നിന്ന് പിടികൂടിയ കൊടും കുറ്റവാളിയായ  40കാരിയെ അമേരിക്ക തിരഞ്ഞത് 190 രാജ്യങ്ങളിൽ; തലയ്ക്കിട്ടത് 2.18 കോടി രൂപ

വാഷിങ്ടൻ: വർഷങ്ങളായി ഒളിവ് ജീവിതം നയിച്ച, അമേരിക്ക തേടിയ കൊടുംകുറ്റവാളിയെ ഇന്ത്യയിൽ നിന്നും പിടികൂടി. ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ പത്ത് കൊടുംകുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ സിൻഡി റോഡ്രിഗസ് സിങ്ങിനെയാണ് ഇന്ത്യൻ ഉദ്യോഗസ്ഥരുടെ സഹായത്തോടെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. ടെക്സസിൽ വീട്ടിൽവച്ച് ആറ് വയസ്സുള്ള സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ കുറ്റമാണ് സിൻഡിക്കെതിരെ ചുമത്തിയിട്ടുള്ളത്.

ശ്വാസസംബന്ധമായ അസുഖങ്ങൾ ഉൾപ്പെടെയുള്ള ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന നോയൽ റോഡ്രിഗസ് അൽവാരസിനെയാണ് സിൻഡി അപായപ്പെടുത്തിയത്. 2023 മാർച്ചിലാണ് നോയൽ മാതാവിനൊപ്പമില്ലെന്ന് ആരോഗ്യവിഭാഗത്തിലെ ഉദ്യോഗസ്ഥർക്ക് മനസ്സിലായത്. ചോദ്യം ചെയ്തപ്പോൾ കുട്ടി പിതാവിനൊപ്പം മെക്സിക്കോയിലാണെന്നാണ് സിൻഡി മൊഴി നൽകിയത്. എന്നാൽ യാത്രാരേഖകൾ പരിശോധിച്ചപ്പോൾ അധികൃതർക്ക് അമ്മ കള്ളം പറയുകയാണെന്ന് മനസ്സിലായി. ഇതിനു തൊട്ടുപിന്നാലെ സിൻഡി ഇന്ത്യൻ വംശജനായ രണ്ടാം ഭർത്താവിനും കുട്ടികൾക്കുമൊപ്പം രഹസ്യമായി രാജ്യം വിടുകയായിരുന്നു. ഇവർക്കൊപ്പവും നോയൽ സഞ്ചരിച്ചിട്ടില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

തുടർന്ന് 2023 ഒക്ടോബറിൽ കോടതി വാറണ്ട് പുറപ്പെടുവിക്കുകയും അന്വേഷണം എഫ്ബിഐക്ക് കൈമാറുകയും ചെയ്തു. ഇന്ത്യ ഉൾപ്പെടെ 190 രാജ്യങ്ങളിൽ സിൻഡി റോഡ്രിഗസ് സിങ്ങിനുവേണ്ടി എഫ്ബിഐ അന്വേഷണം നടത്തി. എഫ്ബിഐ 10 പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ ഇടം പിടിച്ചതോടെ സിൻഡിയുടെ തലയ്ക്ക് കോടികൾ വിലയിട്ടു. ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിച്ചു. ഹിന്ദിയിലും ഇവരെ കുറിച്ചുള്ള പരസ്യങ്ങൾ ചെയ്തിരുന്നു. സിൻഡിയെ കണ്ടെത്തി മാസങ്ങളോളം ഇന്ത്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ നിരീക്ഷണം നടത്തിയ ശേഷമാണ് വിവരം യുഎസിന് കൈമാറിയത്. തുടർന്ന് കസ്റ്റഡിയിലെടുത്ത് നിയമനടപടികൾ പൂർത്തിയാക്കി അമേരിക്കയ്ക്ക് കൈമാറി. ഇതോടെ കഴിഞ്ഞ എഴ് മാസത്തിനിടെ എഫ്ബിഐയുടെ ടോപ് 10 പിടികിട്ടാപ്പുള്ളികളിൽ നാല് പേർ അറസ്റ്റിലായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *