തനിക്ക് അങ്ങനെയൊരു മകളില്ല, പറഞ്ഞതെല്ലാം നുണ; കള്ളം പറഞ്ഞത് ഭീഷണിയെ തുടര്‍ന്നെന്ന് സുജാത ഭട്ട്; ധര്‍മസ്ഥല കേസില്‍ ട്വിസ്റ്റ്

ധര്‍മസ്ഥല: 2003-ല്‍ കാണാതായ അനന്യ ഭട്ടിന്റെ തിരോധാനം നുണയാണെന്ന വെളിപ്പെടുത്തലുമായി സുജാത ഭട്ട്. തനിക്ക് അങ്ങനെയൊരു മകളില്ലെന്നും ചിലരുടെ ഭീഷണിക്ക് വഴങ്ങിയാണ് അങ്ങനെ ചെയ്‌തതെന്നും സുജാത ഭട്ട് ഇന്‍സൈറ്റ് റഷ് ചാനലിനോട് പറഞ്ഞു. ധര്‍മസ്ഥലയോടും കര്‍ണാടകയിലെ ജനങ്ങളോടും രാജ്യത്തെ ജനങ്ങളോടും താന്‍ ക്ഷമ ചോദിക്കുന്നുവെന്നും അവർ പറഞ്ഞു.

വെളിപ്പെടുത്തലിന് പിന്നാലെ സുജാത ഭട്ടിനോട് ഇന്നു തന്നെ ചോദ്യം ചെയ്‌യലിന് ഹാജരാകാൻ എസ് ഐ ടി ആവശ്യപ്പെട്ടു. ബെല്‍ത്തങ്ങാടിയിലെ എസ്‌ഐടി ഓഫീസില്‍ ഹാജരാകാനും മകള്‍ അനന്യ ഭട്ടുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാനും എസ്‌ഐടി ആവശ്യപ്പെട്ടിട്ടുണ്ട്. ധര്‍മസ്ഥല തിരോധാന കേസുമായി ബന്ധപ്പെട്ട ഏറ്റവും വലിയ വെളിപ്പെടുത്തലുകളില്‍ ഒന്നായിരുന്നു അനന്യ ഭട്ട് എന്ന മകളെ 2003 മുതല്‍ കാണാതായി എന്ന സുജാത ഭട്ടിന്റെ തുറന്നുപറച്ചില്‍.

മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളജില്‍ പഠിച്ചിരുന്ന കുട്ടി, സുഹൃത്തുക്കള്‍ക്കൊപ്പം ടൂര്‍ പോയിരുന്നുവെന്നും അതിനുശേഷം കാണാതായി എന്നുമായിരുന്നു പരാതി. കേസ് എസ്‌ഐടി ഏറ്റെടുത്തു. എന്നാല്‍ അന്വേഷണത്തില്‍ അനന്യ ഭട്ട് എന്നപേരില്‍ ഒരാളും കോളജില്‍ പഠിച്ചിരുന്നില്ലെന്ന് കണ്ടെത്തി. ഇക്കാര്യം കോളജ് അധികൃതരും സ്ഥിരീകരിച്ചു. ഇതിനിടെയാണ് സുജാത ഭട്ടിന്റെ പുതിയ വെളിപ്പെടുത്തല്‍.

ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇന്ന് ചോദ്യം ചെയ്‌യലിന് ഹാജരാകില്ലെന്ന് സുജാത ഭട്ട് എസ്‌ഐടി സംഘത്തെ അറിയിച്ചിരിക്കുകയാണ്. സുഖമില്ലാത്തതിനാല്‍ മറ്റൊരു ദിവസം ഹാജരാകാമെന്നാണ് സുജാത ഭട്ട് അറിയിച്ചിരിക്കുന്നത്. “ഗിരീഷ് മട്ടന്നവറും ടി. ജയന്തും പറഞ്ഞതുകൊണ്ടാണ് താന്‍ കള്ളം പറഞ്ഞത്. ദയവായി എന്നോട് ക്ഷമിക്കണം, എനിക്കൊരു തെറ്റുപറ്റി. ധര്‍മസ്ഥലയോടും കര്‍ണാടകയിലെ ജനങ്ങളോടും രാജ്യത്തെ ജനങ്ങളോടും താന്‍ ക്ഷമ ചോദിക്കുന്നു. ഈ വിവാദം അവസാനിപ്പിച്ച് സമാധാനപരമായി ജീവിക്കാന്‍ ആഗ്രഹിക്കുന്നു. ജനങ്ങളോട് ഞാന്‍ കള്ളം പറഞ്ഞു. ദയവായി ഈ വിവാദത്തില്‍ നിന്ന് ഒഴിവാക്കണം.”- സുജാത ഭട്ട് പറഞ്ഞു.

സുജാതയ്‌ക്ക് മകളില്ലെന്നും വാസ്തവിരുദ്ധമായ കാര്യങ്ങളാണ് അവര്‍ പറയുന്നതെന്നും സഹോദരന്‍ പറഞ്ഞു. അവര്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ വീട് വിട്ട് പോയതാണ്. നാല്‍പ്പത് വര്‍ഷത്തിനിടയില്‍ അത്യപൂര്‍വ്വമായി ഞങ്ങളെ സന്ദര്‍ശിച്ചിട്ടുണ്ട്. കുടുംബവുമായി യാതൊരു ബന്ധവും പുലര്‍ത്തിയിരുന്നില്ല. ഒരു വര്‍ഷത്തിന് മുന്‍പ് വീട്ടില്‍ വന്നു. ബെംഗളൂരുവിലാണ് താമസമെന്നും ഇപ്പോള്‍ കോടീശ്വരിയാണെന്നും പറഞ്ഞു. അപ്പോള്‍ പോലും മകളെക്കുറിച്ചോ കുടുംബത്തെക്കുറിച്ചോ ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1 Comment

  1. ഇതിലപ്പുറം മലക്കം മറിച്ചിലുകൾ ഉണ്ടാകും

Leave a Reply

Your email address will not be published. Required fields are marked *