ഉമ തോമസിന് നേരെ രൂക്ഷമായ സൈബർ ആക്രമണം; പിന്നിൽ ഷാഫി പറമ്പിലെന്ന് ഡിവൈഎഫ്ഐ

കൊച്ചി: ആരോപണവിധേയനായ രാഹുൽ മാങ്കൂട്ടത്തിൽ, എംഎൽഎ സ്ഥാനം രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടതിനു പിന്നാലെ തൃക്കാക്കര എംഎൽഎ കൂടിയായ കോൺഗ്രസ് നേതാവ് ഉമ തോമസിനു നേരെ രൂക്ഷമായ സൈബർ ആക്രമണം. ഉമ തോമസിനെ വ്യക്തിപരമായി ആക്രമിക്കുന്നതും രാഹുലിനു പിന്തുണ പ്രഖ്യാപിക്കുന്നതുമാണു മിക്ക കമന്റുകളും. അതിനിടെ, ഉമ തോമസിനു പിന്തുണയുമായി ഡിവൈഎഫ്ഐ രംഗത്തെത്തി. ഷാഫി പറമ്പിൽ എംപിയാണ് സൈബർ ആക്രമണത്തിനു പിന്നിലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് ആരോപിച്ചു.

രാഹുൽ എത്രയും വേഗം രാജിവയ്ക്കണമെന്ന് ഇന്നലെയാണ് ഉമ തോമസ് ആവശ്യപ്പെട്ടത്. രാജി വയ്ക്കുന്നതു ധാർമിക ഉത്തരവാദിത്തമാണെന്നും കൂടുതൽ ശബ്ദസന്ദേശങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ നേരത്തേ തന്നെ രാജിവയ്ക്കുമെന്നു പ്രതീക്ഷിച്ചിരുന്നതായും അവർ പറഞ്ഞിരുന്നു. ഇത്രയും ആരോപണങ്ങൾ ഉയർന്നിട്ടും രാഹുൽ മാനനഷ്ടക്കേസ് പോലും നൽകിയില്ല എന്നതിനർഥം ആരോപണങ്ങൾ ശരിയാണ് എന്നല്ലേ എന്നും ഉമ തോമസ് ചോദിച്ചിരുന്നു.

ഇതോടെയാണ് തൃക്കാക്കര എംഎൽഎയ്ക്ക് എതിരെ സൈബർ ആക്രമണം രൂക്ഷമായത്. പി.ടി.തോമസ് മരിച്ചതുകൊണ്ടു മാത്രം എംഎൽഎ ആയ ആളല്ലേ ഉമ, രാഹുൽ അടിത്തട്ടിൽനിന്നു വളർന്നുവന്നതാണ് തുടങ്ങിയ കമന്റുകളാണ് സമൂഹമാധ്യമങ്ങളിൽ അവരുടെ പോസ്റ്റുകൾക്കു താഴെയും മറ്റും. ഉമ തോമസിനു പുറമെ ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ, കെ.കെ.രമ തുടങ്ങിയവരും രാഹുൽ മാറി നിൽക്കുന്നതാണ് ഉചിതമെന്ന് അഭിപ്രായപ്പെട്ടിരുന്നു.

ജനാധിപത്യമുള്ള നാടല്ലേ എല്ലാവർക്കും പ്രതികരിക്കാമല്ലോ എന്നാണ് ഉമ തോമസ് സൈബർ ആക്രമണങ്ങളോട് പ്രതികരിച്ചത്. ‘‘എന്റെ പ്രസ്ഥാനം കൂടെ നിൽക്കും. കഴിഞ്ഞ ദിവസം പറ‍ഞ്ഞതിൽ കൂടുതൽ ഒന്നും പറയാനില്ല. ഓരോരുത്തർക്കുമുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിൽ ഞാൻ കൈകടത്തുന്നില്ല’’ – അവർ പറഞ്ഞു. അതിനിടെ, ഉമ തോമസിന് എതിരായ സൈബർ ആക്രമണങ്ങളിൽ പ്രതിഷേധിക്കുന്നതായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് പറഞ്ഞു. ‘‘ജീവിതത്തിനും മരണത്തിനുമിടയിൽനിന്നു രക്ഷപെട്ടു വന്ന ഒരു സ്ത്രീയോടാണു നിങ്ങൾ അന്നേ മരിക്കണമായിരുന്നു, ചത്തിട്ടില്ലേ എന്നൊക്കെ ആക്ഷേപിക്കുന്നത്. ഷാഫിയുടെ അനുയായികളാണ് ഈ ആക്രമണത്തിനു പിന്നിൽ. ഇത്തരത്തിലുള്ള ആക്രമണം നേരിടുന്നവർക്ക് ഡിവൈഎഫ്ഐ പിന്തുണ കൊടുക്കും’’ – അദ്ദേഹം പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *