വേടന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ അന്തിമ വാദം പൂര്‍ത്തിയായി: ലൈംഗിക ബന്ധം പരസ്പര സമ്മതത്തോടെയെന്ന് വേടന്‍

കൊച്ചി: റാപ്പര്‍ വേടന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ അന്തിമ വാദം പൂര്‍ത്തിയായി. താനും പരാതിക്കാരിയുമായി ഉണ്ടായത് പരസ്പര സമ്മതത്തോടുകൂടിയുള്ള ലൈംഗിക ബന്ധമാണെന്ന് വേടന്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. വേടന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ അന്തിമ വാദത്തിനിടെയാണ് അദ്ദേഹം കോടതിയില്‍ ഇത്തരത്തിലൊരു വാദം ഉയര്‍ത്തിയത്. അതേസമയം വേടന് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് പരാതിക്കാരി കോടതിയോട് ആവശ്യപ്പെട്ടു.

വിവാഹവാഗ്ദാനം നല്‍കിയുള്ള പീഡന കേസുകളില്‍ സുപ്രീംകോടതി വ്യക്തത വരുത്തിയിട്ടുണ്ടെന്ന വിവരം കൂടി ഹൈക്കോടതി അന്തിമ വാദത്തിനിടെ വ്യക്തമാക്കി. മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഉത്തരവ് ബുധനാഴ്ച ഹൈക്കോടതി പുറപ്പെടുവിക്കും. നല്ല രീതിയിലുള്ള ബന്ധമായിരുന്നു വേടനും പരാതിക്കാരിയുമായി ഉണ്ടായിരുന്നത്. ആ സമയത്ത് പരസ്പര സമ്മതത്തോടുകൂടിയുള്ള ലൈംഗിക ബന്ധമാണ് ഇരുവര്‍ക്കുമിടയില്‍ ഉണ്ടായിട്ടുള്ളത്. അത് ഒരിക്കലും ബലാത്സംഗമല്ല. അതുകൊണ്ടുതന്നെ അത് ബലാത്സംഗക്കുറ്റത്തിന്റെ പരിധിയില്‍ വരില്ല. പിന്നീട് ഒരു ഘട്ടത്തില്‍ പരാതിക്കാരിയുമായി പിരിയുകയും അതിനുശേഷം ഇത്തരമൊരു പരാതിയുമായി മുന്നോട്ടുവരുകയും ചെയ്യുമ്പോള്‍ അവിടെ ബലാത്സംഗ പരാതി നിലനില്‍ക്കില്ല എന്നാണ് വേടന്റെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കിയത്.

കൂടാതെ, 2023-ലാണ് പരാതിക്കാരിയുമായി ബന്ധമുണ്ടായിരുന്നത്. അന്ന് നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പരാതിയുമായി യുവതി രംഗത്തുവരുന്നതെന്നും വേടന്‍ ആക്ഷേപം ഉന്നയിച്ചു. എന്നാല്‍ വേടന്‍ ഉപേക്ഷിച്ച് പോയതിനുശേഷം താന്‍ കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു എന്നാണ് പരാതിക്കാരി കോടതിയില്‍ വ്യക്തമാക്കിയത്. അതേസമയം, കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു എന്ന് പറയുന്ന രണ്ട് വര്‍ഷം ജോലി ചെയ്തിരുന്നുവോ എന്ന് ഡോക്ടറായ പരാതിക്കാരിയോട് കോടതി ചോദിച്ചു. പരാതിക്കാരി പോലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തതയുണ്ടെന്നും, കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവുകയാണെന്നും കോടതി പറഞ്ഞു.

സ്‌നേഹബന്ധത്തിലിരിക്കേ ലൈംഗിക ബന്ധത്തിലേക്ക് കടക്കുകയും, പിന്നീട് ബന്ധം പിരിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം ബലാത്സംഗ പരാതിയുമായി മുന്നോട്ട് വന്നാല്‍ അത് നിലനില്‍ക്കുമോ എന്ന വിഷയം കോടതി പരിശോധിക്കുകയാണ്. ഇക്കാര്യത്തില്‍ സുപ്രീംകോടതി മുന്‍ ഉത്തരവുകള്‍ കൂടി പരിഗണിച്ചുകൊണ്ടായിരിക്കും കോടതി ഉത്തരവ് പുറപ്പെടുവിക്കുക.

Leave a Reply

Your email address will not be published. Required fields are marked *