കോഴിക്കോട്: അമിത അളവിൽ ലഹരി കുത്തിവച്ചതിനെ തുടർന്ന് മരിച്ച കോഴിക്കോട് സ്വദേശി വിജിലിനെ കുഴിച്ചിട്ട സംഭവത്തിൽ പ്രതികളുടെ കൂടുതൽ മൊഴി പുറത്ത്. വിജിലിന്റെ മൃതദേഹം ചതുപ്പിൽ താഴ്ത്തി എട്ട് മാസങ്ങൾക്ക് ശേഷം ഒരു അസ്ഥി കടലിൽ ഒഴുക്കിയതായി പ്രതികൾ പോലീസിന് മൊഴി നൽകി. വിജിലിന്റെ ബൈക്കും മൊബൈൽ ഫോണും കല്ലായി റെയിൽവേ സ്റ്റേഷന് സമീപം ഉപേക്ഷിച്ചതായും പ്രതികൾ മൊഴി നൽകിയിട്ടുണ്ട്. ഇത് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
വിജിലിൻ്റെ മരണത്തിൽ സുഹൃത്തുക്കളായ എരഞ്ഞിപ്പാലം സ്വദേശി നിഖിൽ, വേങ്ങേരി സ്വദേശി ദീപേഷ് എന്നിവരെയാണ് എലത്തൂർ പോലീസ് പിടികൂടിയത്. 2019ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമിത അളവിൽ ലഹരി മരുന്ന് നൽകിയതിനെ തുടർന്ന് വിജിൽ മരണപെട്ടതോടെ, സുഹൃത്തുക്കൾ ചേർന്ന് കുഴിച്ചിടുകയായിരുന്നു. സരോവരം പാർക്കിൽ കുഴിച്ചിട്ടെന്നായിരുന്നു നേരത്തെ പ്രതികൾ മൊഴി നൽകിയിരുന്നത്. പ്രദേശത്ത് ഇന്ന് മണ്ണ് നീക്കി പരിശോധന നടത്തിയേക്കും.
വിജിലിനെ കാണാതായ ദിവസം പ്രതികളിൽ ഒരാളായ നിഖിലും വിജിലും ഒരേ ടവർ ലൊക്കേഷനിൽ ഉണ്ടായിരുന്നെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതികൾ കുറ്റം സമ്മതിച്ചത്.വിജില്‍ അമിതമായ അളവില്‍ ലഹരിമരുന്ന് ഉപയോഗിച്ചു. പിറ്റേന്ന് രാവിലെ വിജിലിനെ ബോധമില്ലാത്ത നിലയില്‍ കണ്ടെത്തി. ജീവനില്ല എന്ന് മനസ്സിലായതോടെ മൃതദേഹം കല്ലുകെട്ടി ചതുപ്പില്‍ താഴ്ത്തുകയായിരുന്നുവെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു.

