കാറില്‍ പിന്തുടര്‍ന്നു, ബിയര്‍ കുപ്പി എറിഞ്ഞു ആക്രമണം, കണ്ണിന് പരുക്ക്; ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ നടി ലക്ഷ്മി മേനോന്‍ അടക്കം നാലുപേര്‍ പ്രതികള്‍

കൊച്ചിയില്‍ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ നടി ലക്ഷ്മി മേനോന്‍ അടക്കം നാലുപേര്‍ പ്രതികള്‍. ശനിയാഴ്ച രാത്രി എറണാകുളം നോര്‍ത്ത് പാലത്തിന് സമീപത്താണ് നടിയുടെ നേതൃത്വത്തിലുള്ള സംഘം സംഘര്‍ഷമുണ്ടാക്കിയത്. ഇരുവിഭാഗവും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. നടിക്കൊപ്പമുണ്ടായിരുന്ന മിഥുന്‍, അനീഷ്, സോനമോള്‍ എന്നിവരെ എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ മൂന്നാം പ്രതിയാണ് ലക്ഷ്മി മേനോന്‍.

വാഹനം തടയുന്ന സംഘത്തില്‍ ലക്ഷ്മി മേനോന്‍ ഉള്‍പ്പെട്ടത് തെളിയിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചു. വാഹനം തടയുകയും ശേഷം അവരുമായി തർക്കിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ഇതിനു ശേഷമാണ് പരാതിക്കാരനെ ലക്ഷ്മി മേനോനും മറ്റു മൂന്നുപേരും ഉൾപ്പെടുന്ന സംഘം കാറിൽ തട്ടിക്കൊണ്ടുപോകുന്നത്. ശനിയാഴ്ച രാത്രിയാണ് സംഭവം

പരാതിക്കാരനായ ഐടി ജീവനക്കാരനും സുഹൃത്തും വെലോസിറ്റി ബാറില്‍ വച്ച് പ്രതികളായ സ്ത്രീകളുമായി വാക്കു തര്‍ക്കമുണ്ടായതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. സംഭവത്തിന് പിന്നാലെ ബാറില്‍ നിന്നിറങ്ങിയ ഐടി ജീവനക്കാരനെ പ്രതികള്‍ പിന്തുടര്‍ന്നു.

എറണാകുളം നോര്‍ത്ത് പാലത്തിന് സമീപം ലക്ഷ്മി മേനോന്‍ അടങ്ങിയ സംഘം കാറിന് വട്ടം വച്ച് ഐടി ജീവനക്കാരനെ ആക്രമിക്കുകയും തട്ടികൊണ്ടുപോവുകയുമായിരുന്നു. പിന്നീട് കാറില്‍ വച്ചും മര്‍ദ്ദനം തുടര്‍ന്നു. കാറിലെ മര്‍ദ്ദനത്തിന് ശേഷം പറവൂർ കവലിൽ ഇറക്കി വിടുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *